ശരിക്കും കുത്തേറ്റോ? അതോ അഭിനയമോ?ഇത്രവലിയ പരുക്കേറ്റയാള്‍ എങ്ങനെനടക്കും, ചോദ്യങ്ങളുമായി മഹാരാഷ്ട്ര മന്ത്രി, ഇതാ ഡോക്ടറുടെ വിശദീകരണവും

മുംബൈ: വീട്ടിലെത്തിയ മോഷ്ടാവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ സെയ്ഫ് അലി ഖാന്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. എന്നാല്‍ നട്ടെല്ലിന് സമീപത്തുവരെ പരുക്കുണ്ടായതിനാല്‍ ശസ്ത്രക്രിയ കഴിഞ്ഞ നടന്‍ ഊര്‍ജ്ജസ്വലനായി നടന്നുപോകുന്ന കാഴ്ച എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം നടന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച സംശയങ്ങളും ഉയര്‍ന്നിരുന്നു. ഇത്ര ഗുരുതര പരുക്ക് പറ്റിയ ഒരാള്‍ എങ്ങനെ ഇത്ര എളുപ്പത്തില്‍ നടക്കുന്നുവെന്നും ആശുപത്രി വാസം അവസാനിപ്പിച്ചുവെന്നും ചോദ്യങ്ങളെത്തി.

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയും ഇതേ ചോദ്യം ഉന്നയിക്കുന്നു. ആക്രമണ സംഭവം യഥാര്‍ത്ഥമാണോ അതോ 54 കാരനായ നടന്റെ ‘അഭിനയം’ മാത്രമാണോ എന്നാണ് മന്ത്രി ചോദിക്കുന്നത്. പൂനെയിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് റാണെ തന്റെ സംശയം പരസ്യമായി പ്രകടിപ്പിച്ചത്.

ജനുവരി 16 ന് കവര്‍ച്ചയ്ക്കായി നടന്റെ ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് താരത്തെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. താനെയില്‍ നിന്ന് അറസ്റ്റിലായ ബംഗ്ലാദേശി പൗരനായ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് ആണ് സെയ്ഫിനെ ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍, പ്രമുഖരടക്കം സെയ്ഫിന്റെ ആരോഗ്യ കാര്യത്തില്‍ സംശയം ഉന്നയിച്ചതോടെ ബംഗളൂരുവിലെ ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ രംഗത്തെത്തി. കാര്‍ഡിയോളജിസ്റ്റായ ഡോ. ദീപക് കൃഷ്ണമൂര്‍ത്തി സെയ്ഫിന്റെ കാര്യത്തില്‍ വിശദീകരണം നല്‍കുന്നതിങ്ങനെ:

”സെയ്ഫിനു ശരിക്കും നട്ടെല്ലില്‍ ശസ്ത്രക്രിയ നടത്തിയോ എന്നു സംശയിക്കുന്നവരോടായി ഒരു കാര്യം പറയട്ടെ (ഇക്കൂട്ടത്തില്‍ ചില ഡോക്ടര്‍മാരുമുണ്ട്) രോഗശാന്തിയുടെ സമയപരിധി നിങ്ങളെ അദ്ഭുതപ്പെടുത്തുമെന്നു ഓര്‍മിപ്പിക്കുന്നു. 78 വയസ്സുള്ള എന്റെ അമ്മയ്ക്കു 2022ല്‍ നട്ടെല്ലിന്റെ ശസ്ത്രക്രിയ നടത്തി. അന്നുതന്നെ കാലൊടിഞ്ഞ് പ്ലാസ്റ്ററുമിട്ടിരുന്നു. വോക്കറിന്റെ സഹായത്തോടെ അമ്മ നടക്കുന്ന വിഡിയോ ആണിത്. സെയ്ഫിനെ പോലെ ചെറുപ്പവും ആരോഗ്യവുമുള്ള ഒരാള്‍ക്ക് ഇതിലും വേഗത്തില്‍ രോഗശാന്തി ലഭിക്കും. ഇക്കാലത്ത്, ഹൃദയത്തിനു ബൈപാസ് ശസ്ത്രക്രിയ ചെയ്തവര്‍ 3-4 ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുകയും പടികള്‍ കയറുകയും ചെയ്യുന്നു. സമൂഹമാധ്യമത്തില്‍ സ്വന്തം അജ്ഞത കാണിക്കും മുന്‍പ് നാം കാര്യങ്ങള്‍ പഠിക്കണം”.

സെയ്ഫിനേറ്റ കുത്തുകള്‍ പ്രധാന നാഡികളെ ബാധിച്ചിട്ടില്ലെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ കാലിനു ബലക്കുറവില്ല. നടക്കാനും ബുദ്ധിമുട്ടില്ല.