
കാരക്കാസ്: വെനസ്വേലയിലേക്ക് എത്തുന്ന കപ്പലുകൾക്ക് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സമ്പൂർണ്ണ ഉപരോധം പ്രഖ്യാപിച്ചിട്ടും, യുഎസ് വിലക്കേർപ്പെടുത്തിയ എണ്ണക്കപ്പൽ വെനസ്വേലൻ ജലാതിർത്തിയിൽ പ്രവേശിച്ചു. ‘ഹൈപ്പീരിയൻ’ എന്ന ഓയിൽ ആന്റ് കെമിക്കൽ ടാങ്കറാണ് വെള്ളിയാഴ്ച വെനസ്വേലയിലെ അമുവായ് ബേയിലെ റിഫൈനറിക്ക് സമീപം എത്തിയതെന്ന് കപ്പൽ ട്രാക്കിംഗ് ഡാറ്റകൾ വ്യക്തമാക്കുന്നു.
റഷ്യയുടെ ഊർജ്ജ വരുമാനം കുറയ്ക്കുന്നതിന്റെ ഭാഗമായി 2025 ജനുവരി 10-നാണ് ഗാംബിയൻ പതാക വഹിച്ച ഈ കപ്പലിന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച വെനസ്വേലൻ തീരത്ത് വെച്ച് ഉപരോധിക്കപ്പെട്ട മറ്റൊരു കപ്പൽ അമേരിക്കൻ സൈന്യം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വെനസ്വേലയിലേക്കുള്ള കപ്പൽ ഗതാഗതത്തിന് ട്രംപ് സമ്പൂർണ്ണ വിലക്ക് പ്രഖ്യാപിച്ചത്. എന്നാൽ ഈ വിലക്കിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഇപ്പോൾ ഹൈപ്പീരിയൻ വെനസ്വേലൻ തീരത്ത് എത്തിയിരിക്കുന്നത്.
അമേരിക്കയുടെ ഉപരോധം അവിവേകവും ഗൗരവകരമായ ഭീഷണിയുമാണെന്ന് വെനസ്വേലൻ സർക്കാർ പ്രതികരിച്ചു. രാജ്യത്തിന്റെ പരമാധികാരവും ദേശീയ താല്പര്യങ്ങളും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് വെനസ്വേല വ്യക്തമാക്കി. അന്താരാഷ്ട്ര ഉടമ്പടികൾ പ്രകാരം ഇത്തരം ഉപരോധങ്ങൾ യുദ്ധപ്രഖ്യാപനമായാണ് കണക്കാക്കപ്പെടുന്നത്.
വെനസ്വേലൻ എണ്ണ കടത്താൻ സഹായിക്കുന്ന ഷിപ്പിംഗ് കമ്പനികൾക്കും കപ്പലുകൾക്കും എതിരെ കഴിഞ്ഞ ആഴ്ചയും അമേരിക്ക ഉപരോധം കടുപ്പിച്ചിരുന്നു. വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയുടെ ഭാര്യയുടെ മൂന്ന് മരുമക്കളും ഒരു ബിസിനസുകാരനും നിലവിൽ അമേരിക്കയുടെ ഉപരോധ പട്ടികയിലുണ്ട്. പുതിയ സാഹചര്യത്തിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് അന്താരാഷ്ട്ര ലോകം.















