ക്രിസ്മസ് ആഘോഷങ്ങളെ സംഘപരിവാർ ആക്രമിക്കുന്നു; ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല; തൊട്ടുകൂടാൻ പറ്റാത്തവനല്ല വെള്ളാപ്പള്ളി: മുഖ്യമന്ത്രി

ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്ന സംഘപരിവാർ ശക്തികളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നത് അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും, ഇതിനു പിന്നിൽ സംഘപരിവാർ പ്രവർത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ക്രിസ്മസ് കേക്കുമായി സന്ദർശനം നടത്തിയവരാണ് ഇപ്പോൾ കരോൾ സംഘങ്ങളെ ആക്രമിക്കുന്നതെന്ന് പരിഹസിച്ചു. പാലക്കാട് പുതുശേരിയിൽ കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തിനു നേരെയുണ്ടായ ആക്രമണത്തെ ബിജെപി നേതാക്കൾ ന്യായീകരിച്ചത് അപലപിച്ചു. ചില സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സമ്മർദ്ദമുയർന്നതിനെ തുടർന്ന് അന്വേഷണം നടത്തുമെന്നും മതവിവേചനം വളർത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉത്തർപ്രദേശിൽ ക്രിസ്മസ് ഒഴിവാക്കി വാജ്പേയിയുടെ ജന്മദിനം ആഘോഷിക്കാൻ നിർബന്ധമാക്കിയതും വിമർശിച്ചു.

വാളയാർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ സഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അപരമതവിദ്വേഷം പടർത്തുന്നവരാണ് കൊലപാതകത്തിനു പിന്നിലെന്നും പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആൾക്കൂട്ട ഹിംസ കേരളത്തിലേക്ക് പറിച്ചുനടാൻ ശ്രമിക്കുന്നുവെങ്കിലും കേരളം അതിനു പറ്റിയ മണ്ണല്ലെന്ന് തെളിയിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതീക്ഷിച്ചതല്ല ഉണ്ടായതെന്നും വിശദമായ പരിശോധന നടത്തി തിരുത്തലുകൾ വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്വർണക്കവർച്ച തിരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നും സർക്കാരിന് ആശയക്കുഴപ്പമില്ലായിരുന്നുവെന്നും വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയത് സാധാരണ നടപടിയാണെന്നും തൊട്ടുകൂടാൻ പറ്റാത്തയാളല്ല അദ്ദേഹമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വൈസ് ചാൻസലർ നിയമനത്തിൽ സുപ്രീംകോടതി നിർദേശപ്രകാരമാണ് സമവായം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide