
ഡെസ് മോയിൻസ്: അയോവയിലെ ഏറ്റവും വലിയ സ്കൂൾ ജില്ലയായ ഡെസ് മോയിൻസ് പബ്ലിക് സ്കൂൾസ് സൂപ്രണ്ട് ഇയാൻ റോബർട്ട്‌സ് അറസ്റ്റിൽ. അനധികൃതമായി യുഎസിൽ താമസിക്കുകയും ആയുധങ്ങൾ കൈവശം വെക്കുകയും ചെയ്തതിനാണ് വെള്ളിയാഴ്ച രാവിലെ ഇമിഗ്രേഷൻ ഏജൻ്റുമാർ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ദശാബ്ദങ്ങളുടെ അധ്യാപന പരിചയമുള്ള റോബർട്ട്‌സ്, മുൻപ് ഗയാനയ്ക്ക് വേണ്ടി ഒളിമ്പിക്സിൽ മത്സരിച്ചിട്ടുണ്ട്.
ഓടി രക്ഷപ്പെടാൻ ശ്രമിച്ചു, കൈവശം
ആയുധങ്ങൾ
യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ അടുത്തപ്പോൾ റോബർട്ട്‌സ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എന്ന് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) അറിയിച്ചു. ഈ എൻഫോഴ്‌സ്‌മെൻ്റ് ഓപ്പറേഷനെക്കുറിച്ച് DHS-ഉം അയോവ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പബ്ലിക് സേഫ്റ്റിയും സംയുക്ത പ്രസ്താവന പുറത്തിറക്കി.
അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇയാൻ റോബർട്ട്‌സിൻ്റെ കൈവശം ഒരു തിര നിറച്ച കൈത്തോക്ക്, 3,000 ഡോളർ പണം, ഒരു ഫിക്സഡ് ബ്ലേഡ് ഹണ്ടിംഗ് നൈഫ് എന്നിവ ഉണ്ടായിരുന്നുവെന്നും DHS വ്യക്തമാക്കി. യുഎസിൽ നിയമപരമായ പദവിയില്ലാത്ത ഒരു വ്യക്തി ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വെക്കുന്നത് ഫെഡറൽ നിയമത്തിൻ്റെ ലംഘനമാണ്.
അയോവയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ തലവൻ അനധികൃതമായി രാജ്യത്ത് താമസിക്കുകയും നിയമലംഘനം നടത്തുകയും ചെയ്ത സംഭവം വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. റോബർട്ട്‌സിനെതിരായ നിയമപരമായ നടപടികൾ പുരോഗമിക്കുകയാണ്.














