’15 മിനിട്ടിൽ വാശി വേണ്ട’, സ്കൂൾ സമയ മാറ്റത്തിൽ ചർച്ച വിജയം, സര്‍ക്കാരിന് വഴങ്ങി സമസ്ത; അടുത്ത അധ്യയന വർഷത്തിൽ മാറ്റം ചർച്ച ചെയ്യും, അംഗീകരിച്ചെന്ന് സമസ്തയും

തിരുവനന്തപുരം: സ്കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട് മതസംഘടനകളുമായി നടത്തിയ ചർച്ചയിൽ ധാരണയായി. ഈ അധ്യയന വർഷം നിലവിലെ സ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമസ്തയുമായി ചർച്ച നടത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. അടുത്ത വർഷം പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെയും വൈകിട്ടും ’15 മിനിട്ടിന്‍റെ കാര്യത്തിൽ വാശി വേണ്ട’ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം സമസ്ത അംഗീകരിക്കുകയായിരുന്നു. സർക്കാരുമായുള്ള ചർച്ചയിൽ തൃപ്തരാണെന്ന് സമസ്ത പ്രതികരിച്ചു.

അടുത്ത അധ്യയന വർഷം ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഉമർ ഫൈസി മുക്കം മാധ്യമങ്ങളോട് പറഞ്ഞു. മദ്രസ സമയക്രമത്തിലും മാറ്റമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അത്തരത്തിൽ യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുന്നത്.

സമസ്ത ഉൾപ്പെടെയുള്ള മതസംഘടനകൾ സ്കൂൾ സമയമാറ്റത്തെ ശക്തമായി എതിർത്ത സാഹചര്യത്തിലാണ് സർക്കാർ ചർച്ച നടത്തിയത്. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് മതപഠനത്തിന് തടസ്സമാകുമെന്ന് ഒരു വിഭാഗം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി വിവരിച്ചിരുന്നു. എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ കഴിഞ്ഞ മാസമാണ് സർക്കാർ തീരുമാനിച്ചത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കുമായി പ്രവർത്തന സമയം 15 മിനുട്ട് വീതമാണ് വർധിപ്പിച്ചത്. പഠന സമയം അര മണിക്കൂർ വർധിപ്പിച്ച് രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാക്കിയതാണ് കേരളത്തിൽ വിവാദങ്ങൾക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങൾ എന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നാണ് സർക്കാർ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം.

More Stories from this section

family-dental
witywide