
വിട്ടുമാറാത്ത ലോവര്‍ ബാക്‌പെയ്ന്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. ഷൂലേസ് കെട്ടാന്‍ നിങ്ങള്‍ ഒന്ന് കുനിഞ്ഞാല്‍, അല്ലെങ്കില്‍ താഴെ വീണ എന്തെങ്കിലും കുനിഞ്ഞ് എടുക്കേണ്ടി വരുമ്പോള്‍ നിങ്ങളുടെ നടുവിന് താഴെ ഒരു വേദനയോ പിടുത്തമോ തോന്നാറില്ലേ. ദീര്‍ഘനേരം ഇരുന്ന് ജോലിചെയ്യുന്നവരെയും പാരമ്പര്യമായും പലരെയും ബുദ്ധിമുട്ടിലാക്കുന്ന പ്രശ്‌നമാണിത്, ചില ലളിതമായ വ്യായാമം ഈ വേദനയെ മറികടക്കാനോ കുറയ്ക്കാനോ സഹായിക്കുമെന്നറിഞ്ഞാലോ? സംഗതി ശരിയാണ്. നിങ്ങള്‍ക്ക് സ്വയം പരീക്ഷിച്ച് ബോധ്യപ്പെടാനുകുന്ന ഒന്നാണിത്.
എന്താണ് സീറ്റഡ് സല്‍സ
ലോകത്തെ 619 ദശലക്ഷം ആളുകളെ വലയ്ക്കുന്ന പ്രശ്‌നമാണ് ലോവര്‍ ബാക്ക് പെയ്ന്‍. ഇത് ആരെയും ബാധിക്കാം, പക്ഷേ അമിതഭാരമുള്ളവരിലും പുകവലിക്കാരിലും അല്ലെങ്കില്‍ ഈ അവസ്ഥയുടെ കുടുംബ ചരിത്രമുള്ളവരിലും ഇത് കൂടുതലായി കാണപ്പെടുന്നു. നിങ്ങള്‍ ഇരിക്കുന്നിടത്തുനിന്ന് ഒന്ന് എഴുന്നേല്‍ക്കുക പോലും ചെയ്യാതെ ഈ വേദന കുറയ്ക്കാന്‍ കഴിയുന്ന ഒരു വ്യായാമ രീതിയാണ് സീറ്റഡ് സല്‍സ. വളരെ ലളിതവും അത്ഭുതകരവുമായ വ്യായാമമായിട്ടാണ് ഫിസിയോതെറാപ്പി വിദഗ്ധര്‍ ഇതിനെ വിലയിരുത്തുന്നത്.
മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ ഫിസിയോതെറാപ്പി അസോസിയേറ്റ് പ്രൊഫസറായ ക്രിസ് മക്കാര്‍ത്തി പറയുന്നതനുസരിച്ച് നട്ടെല്ലിന്റെ ഏറ്റവും താഴെയുള്ള രണ്ട് ഡിസ്‌കുകളിലാണ് മിക്കപ്പോഴും പ്രശ്നങ്ങള്‍ തുടങ്ങുന്നതെന്നാണ്.

നമ്മുടെ നട്ടെല്ലില്‍, 33 കശേരുക്കള്‍ക്ക് ഇടയില്‍ ഷോക്ക് അബ്‌സോര്‍ബറുകളായി പ്രവര്‍ത്തിക്കുന്ന സ്‌പോഞ്ച് പോലുള്ള ഡിസ്‌കുകളുണ്ട്. താഴത്തെ രണ്ട് കശേരുക്കള്‍ ശക്തമായ ലിഗമെന്റുകള്‍ വഴി പെല്‍വിസുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ശരീരത്തിന്റെ ഭാരം താങ്ങാന്‍ ഇത് അത്യാവശ്യമാണെങ്കിലും, ഈ ഭാഗം വളരെ കടുപ്പമേറിയതാണ്. വേദന കാരണം പേശികള്‍ക്ക് മുറുക്കമോ ഉപയോഗക്കുറവ് കാരണം പിരിമുറുക്കമോ ഉണ്ടാകുമ്പോള്‍, ഈ ഭാഗം ചലിക്കാതെ ഉറച്ചുപോകുന്നു. ഇങ്ങനെ ചലനം നിലച്ചാല്‍ ദുരിതം വര്‍ധിക്കുന്നു. പഠനങ്ങള്‍ തെളിയിക്കുന്നത്, പുറംവേദനയുടെ കാര്യത്തില്‍, ചലനം വേദന കുറയ്ക്കാന്‍ ഉപേക്ഷിക്കാനാവാത്ത കാര്യമാണ് എന്നാണ്. വേദനയ്ക്ക് നിര്‍ദ്ദേശിക്കുന്ന മിക്ക വ്യായാമങ്ങളും സ്‌ട്രെച്ചിംഗുകളും പുറകിലെ താഴത്തെ ഭാഗത്തെ വേണ്ടവിധം പരിഗണിക്കാത്തതുമായതിനാല്‍ ഈ ഭാഗത്തെ ചലിപ്പിക്കാന്‍ സീറ്റഡ് സല്‍സ സഹായിക്കുന്നു. “ജോലി സ്ഥലത്തിരുന്ന് ഇത് ചെയ്യാൻ വളരെ എളുപ്പമാണ്. ഡെസ്കിൽ നിന്ന് എഴുന്നേൽക്കുക പോലും വേണ്ട,” മക്കാർത്തി പറയുന്നു.
സിംപിള്‍, പവര്‍ഫുള്‍…
എങ്ങനെ സീറ്റഡ് സല്‍സ കൃത്യമായി ചെയ്യാം?

ഒരു മിനുട്ട് സമയംകൊണ്ട് ലളിതമായി ഈ വ്യായാമം ചെയ്യാം. ആദ്യം പാദങ്ങള്‍ നിലത്ത് ഉറപ്പിച്ച് നിവര്‍ന്നിരിക്കുക. കാല്‍മുട്ടുകള്‍ സമാന്തരമായി ചേര്‍ത്ത് വെക്കുക.
തോളുകള്‍ ഒട്ടും അനക്കാതെ വലത് കാല്‍മുട്ട് മുന്നോട്ട് തള്ളുക, ഒപ്പം ഇടത് കാല്‍മുട്ട് പിന്നോട്ട് വലിക്കുക. തുടര്‍ന്ന്, ഇടത് കാല്‍മുട്ട് മുന്നോട്ട് തള്ളി വലത് കാല്‍മുട്ട് പിന്നോട്ട് വലിക്കുക. ഈ ചലനം ഒരു മിനിറ്റ് നേരത്തേക്ക് ആവര്‍ത്തിക്കുക. ഈ പ്രത്യേക ചലനം, നടക്കുമ്പോള്‍ സംഭവിക്കുന്ന സ്വാഭാവിക ചലനത്തെ പുനഃസൃഷ്ടിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ഇങ്ങനെ ചലിക്കുമ്പോള്‍, പരമ്പരാഗത സല്‍സ നൃത്തത്തിലെന്നപോലെ പെല്‍വിസ് ഒരു വശത്തേക്ക് മുന്നോട്ടും മറുവശത്തേക്ക് പിന്നോട്ടും ഉരുളുന്നുമുണ്ട്.
ഓഫീസിലും മറ്റും ഇരുന്ന് ജോലി ചെയ്യുന്നവർക്ക് അവരുടെ ജോലിക്ക് തടസ്സം വരാതെ തന്നെ ഈ വ്യായാമം ചെയ്യാം. കൂടാതെ, എഴുന്നേൽക്കാനും ഇരിക്കാനും ബുദ്ധിമുട്ടുള്ള പ്രായമായവർക്കും, ശസ്ത്രക്രിയയ്ക്ക് ശേഷം ചലനശേഷി കുറഞ്ഞവർക്കും ഇത് വളരെ ഉപകാരപ്രദമാണ്.

Seated Salsa to relieve lower back pain















