
ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്ത് വെച്ച് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടാമത്തെ പൈലറ്റും മരിച്ചു. ഡിസംബർ 28-ന് നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൈലറ്റാണ് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയത്. മരിച്ച രണ്ട് പൈലറ്റുമാരെയും തിരിച്ചറിഞ്ഞു.
ന്യൂജേഴ്‌സിയിലെ സെവെൽ സ്വദേശിയായ മൈക്കൽ ഗ്രീൻബെർഗ് (71) എന്ന പൈലറ്റാണ് അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. എൻസ്‌ട്രോം 280 സി (Enstrom 280C) എന്ന ഹെലികോപ്റ്ററാണ് ഇദ്ദേഹം പറത്തിയിരുന്നത്. ന്യൂജേഴ്‌സിയിലെ കാർണീസ് പോയിന്റ് സ്വദേശിയായ കെന്നത്ത് എൽ. കിർഷ് (65) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. എൻസ്‌ട്രോം എഫ് 28 എ (Enstrom F-28A) എന്ന ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു ഇദ്ദേഹം.
ന്യൂജേഴ്‌സിയിലെ ഹാമ്മണ്ടൺ മുനിസിപ്പൽ എയർപോർട്ടിന് സമീപമാണ് അപകടമുണ്ടായത്. പൈലറ്റുമാരായ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് ഇവർ എയർപോർട്ടിന് അടുത്തുള്ള കഫേയിൽ നിന്ന് ഒന്നിച്ച് ഭക്ഷണം കഴിച്ചതായും തുടർന്ന് തങ്ങളുടെ ഹെലികോപ്റ്ററുകളിൽ ഒരേസമയം പറന്നുയർന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് ഹെലികോപ്റ്ററുകളും വളരെ അടുത്ത് പറന്നതാണ് കൂട്ടിയിടിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കൂട്ടിയിടിച്ചതോടെ ഒരു ഹെലികോപ്റ്ററിന് തീപിടിച്ചു.
സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും (FAA) നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) വിശദമായ അന്വേഷണം നടത്തിവരികയാണ്.
Second pilot killed in helicopter collision in New Jersey















