
വാഷിംഗ്ടൺ: കഴിഞ്ഞ വർഷം പെൻസിൽവാനിയയിൽ നടന്ന റാലിയിൽ വെച്ച് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന് മുമ്പ് ലഭിച്ച നേരിട്ടുള്ള ഭീഷണികളോട് യുഎസ് സീക്രട്ട് സർവീസ് വേണ്ടത്ര രീതിയിൽ പ്രതികരിച്ചില്ലെന്ന് പുതിയ സെനറ്റ് കമ്മിറ്റി റിപ്പോർട്ട്. 2024 ജൂലൈ 13ന് ബട്ട്‌ലറിൽ നടന്ന ആക്രമണത്തിന്‍റെ വാർഷിക ദിനത്തിൽ പുറത്തുവിട്ടതാണ് റിപ്പോർട്ട്. ട്രംപിനെതിരായ ഭീഷണികളെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും, ഏജൻസിയുടെ പ്രവർത്തനപരമായ പരാജയങ്ങൾ, ആശയവിനിമയത്തിലെ പോരായ്മകൾ, അധിക സുരക്ഷാ വിഭവങ്ങൾ നിഷേധിക്കപ്പെട്ടത് എന്നിവയെ റിപ്പോര്‍ട്ട് വിമർശിക്കുന്നു.
ഇതൊരു ഒറ്റപ്പെട്ട പിഴവായിരുന്നില്ല. തടയാൻ കഴിയുമായിരുന്ന നിരവധി വീഴ്ചകളുടെ തുടർച്ചയായിരുന്നു ഇത്. ഒരു വർഷം നീണ്ട അന്വേഷണത്തിന് നേതൃത്വം നൽകിയ സെനറ്റർ റാൻഡ് പോൾ (റിപ്പബ്ലിക്കൻ-കെന്റക്കി) അധ്യക്ഷനായ സെനറ്റ് ഹോംലാൻഡ് സെക്യൂരിറ്റി ആൻഡ് ഗവൺമെന്റൽ അഫയേഴ്സ് കമ്മിറ്റി പ്രസ്താവിച്ചു. 17 അഭിമുഖങ്ങളും 75,000-ൽ അധികം പേജുകളുള്ള നിയമ നിർവഹണ രേഖകളും പരിശോധിച്ചാണ് കമ്മിറ്റി ഈ നിഗമനങ്ങളിലെത്തിയത്.
ബട്ട്‌ലർ റാലിക്ക് മുന്നോടിയായി കൗണ്ടർസ്നൈപ്പർമാരെയും മറ്റ് സുരക്ഷാ സംവിധാനങ്ങളെയും ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാൻ സീക്രട്ട് സർവീസിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. എന്നാൽ, ഈ അഭ്യർത്ഥനകൾ ഏജൻസി നേതൃത്വം നിഷേധിക്കുകയോ അവഗണിക്കുകയോ ചെയ്തു. അത്തരം അഭ്യർത്ഥനകളൊന്നും നിരസിച്ചിട്ടില്ലെന്ന് കോൺഗ്രസിന് മുന്നിൽ മൊഴി നൽകിയപ്പോൾ മുൻ സീക്രട്ട് സർവീസ് ഡയറക്ടർ കിംബർലി ചീറ്റ്‌ലെ കോൺഗ്രസിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സെനറ്റർ പോൾ ആരോപിച്ചു.










