‘മതേതരത്വവും സോഷ്യലിസവും’, ആ‌ർഎസ്എസ് ജനറൽ സെക്രട്ടറിയുടെ ഭരണഘടന പരാമർശത്തിനെതിരെ രൂക്ഷ വിമർശനം; രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയുമടക്കം രംഗത്ത്

ഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനുമടക്കം ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ പരാമർശത്തിനെതിരെ രംഗത്തുവന്നു. ആര്‍എസ്എസിന്റെ മുഖംമൂടി ഒരിക്കല്‍കൂടി അഴിഞ്ഞു വീണെന്നാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്. ആര്‍എസ്എസിനും ബിജെപിക്കും ഭരണഘടനയല്ല മനുസ്മൃതിയാണ് വേണ്ടത്. പിന്നാക്ക വിഭാഗക്കാരുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് നീക്കം. ആര്‍എസ്എസ് ഈ സ്വപ്നം കാണുന്നത് നിര്‍ത്തണമെന്നും, രാജ്യസ്‌നേഹമുള്ള എല്ലാവരും അവസാന ശ്വാസംവരെ ഭരണഘടനയെ സംരക്ഷിക്കാനായി പോരാടുമെന്നും രാഹുല്‍ വ്യക്തമാക്കി.

ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ പിന്നിൽ നിന്ന് കുത്തിയ ആർഎസ്എസിന് ഇന്ത്യൻ റിപബ്ലിക്കിന്‍റെ ആശയപരിസരങ്ങളോട് അമർഷം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ ഉയർത്തിപ്പിടിക്കുവർക്ക് ദഹിക്കുന്ന സങ്കൽപങ്ങളല്ല ഇന്ത്യൻ ഭരണഘടനയും അതിന്‍റെ അടിസ്ഥാന തത്വങ്ങളും. ബ്രിട്ടീഷ് ഭരണകൂടത്തോട് നിർലജ്ജം മാപ്പപേക്ഷിച്ച അതേ പാരമ്പര്യമാണ് അടിയന്തരാവസ്ഥക്കാലത്തും ആർഎസ്എസ് പിന്തുടർന്നത്. അടിയന്തരാവസ്ഥക്കാലത്ത് നിരോധനം പിൻവലിക്കാൻ മാപ്പപേക്ഷകൾ നൽകിയത് ആർഎസ്എസ് സർ സംഘചാലക് തന്നെയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ആര്‍എസ്എസ് ഒരിക്കലും ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്നും, മനുസ്മൃതിയില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടല്ല ഭരണഘടന തയാറാക്കിയത് എന്നതിനാല്‍ അംബേദ്കറിനെയും നെഹ്‌റുവിനെയും ആര്‍എസ്എസ് നിരന്തരം ആക്രമിക്കുകയാണെന്നും ജയറാം രമേശ് വിമര്‍ശിച്ചു. പുതിയ ഭരണഘടന കൊണ്ടുവരുമെന്ന ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിരന്തരമായ പ്രചാരണത്തിന് ജനം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കി. എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മാറ്റണമെന്ന ആവശ്യം ആര്‍എസ്എസ് ഇപ്പോഴും തുടരുകയാണെന്നും ജയറാം രമേശ് പറഞ്ഞു.

Also Read

More Stories from this section

family-dental
witywide