
ഗുവാഹത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്ക് സമന്‍സ് അയച്ച് ഗുവാഹത്തി പൊലീസ്.ദ വയറി’ന്റെ സ്ഥാപക പത്രാധിപരായ സിദ്ധാര്‍ത്ഥ് വരദരാജന്‍ അമേരിക്കൻ പൌരനാണ് . ഓഗസ്റ്റ് 22 ന് ഗുവാഹത്തി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാനാണ് ഇരുവര്‍ക്കും നിര്‍ദേശമുള്ളത്.
അതേസമയം, ഏതു കേസുമായി ബന്ധപ്പെട്ടാണ് സമന്‍സ് എന്നത് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ‘നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങല്‍ ചോദിച്ചറിയുന്നതിനു വേണ്ടിയാണ് സമന്‍സ് എന്നും അന്വേഷണത്തിന് സഹകരിച്ചില്ലെങ്കില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും ഇരുവര്‍ക്കും അയച്ച നോട്ടീയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമന്‍സിനൊപ്പം എഫ് ഐ ആര്‍ നല്‍കിയിട്ടില്ലെന്നാണ് വിവരം. ഇരുവര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള കാരണം ഉണ്ടെന്നും അതുകൊണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരിക്കണം എന്നുമാണ് പൊലീസ് പറയുന്നത്.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ലേഖനമെഴുതിയതുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞദിവസം സിദ്ധാർഥ് വരദരാജന് സുപ്രീം കോടതി അറസ്റ്റിൽനിന്ന് ഇടക്കാല സംരക്ഷണം നൽകിയിരുന്നു.
ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സൗമര്‍ജ്യോതി റേയാണ് സമന്‍സ് പുറപ്പെടുവിച്ചത്, ഭാരതീയ ന്യായ് സംഹിത (ബിഎന്‍എസ്) യുടെ 152, 196, 197(1)(D)/3(6), 353, 45, 61 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ക്രൈംബ്രാഞ്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികളെയാണ് ബിഎന്‍എസിന്റെ 152-ാം വകുപ്പ് പരാമര്‍ശിക്കുന്നത്.