
വാഷിംഗ്ടൺ: നിലവിലെ സർക്കാർ ഷട്ട്ഡൗൺ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചർച്ചകളിൽ ഇടപെടുന്നതുവരെ അവസാനിക്കാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് സെനറ്റിലെ ഡെമോക്രാറ്റുകൾ. പ്രസിഡന്‍റിന്‍റെ അംഗീകാരമില്ലാതെ ചർച്ചകൾ നടത്താനുള്ള സെനറ്റ് റിപ്പബ്ലിക്കൻമാരുടെ കഴിവിൽ ഡെമോക്രാറ്റുകൾക്കുള്ള വിശ്വാസമില്ലായ്മയാണ് ഇത് അടിവരയിടുന്നത്. “റിപ്പബ്ലിക്കൻമാർ അദ്ദേഹത്തെ (ട്രംപിനെ) പിന്തുടരുകയും അദ്ദേഹത്തിന്‍റെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്‍റെ അനുമതിയില്ലാതെ അവർ ഒന്നും ചെയ്യുന്നില്ല. അതിനാൽ അദ്ദേഹമില്ലാതെ ഇത് പരിഹരിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല,” സെനറ്റർ മാർക്ക് കെല്ലി പറഞ്ഞു.
സെനറ്റർ റിച്ചാർഡ് ബ്ലൂമെൻതാൽ ഈ അഭിപ്രായത്തോട് യോജിച്ചു. “പ്രസിഡന്‍റ് ഇരുപക്ഷത്തെയും ഒരുമിപ്പിക്കാൻ നേതൃത്വം നൽകിയാൽ ഇവിടെ പരിഹാരം എളുപ്പത്തിൽ ലഭ്യമാകും. ഒത്തുതീർപ്പ് ഒരു മോശം വാക്കല്ല, നമുക്ക് അത് ചെയ്യാൻ കഴിയും,” അദ്ദേഹം പറഞ്ഞു. നവംബർ ഒന്ന് മുതൽ സ്നാപ് ഫണ്ടുകൾ (ഭക്ഷ്യ സഹായം) നിലയ്ക്കുമെന്ന ഭരണകൂടത്തിന്‍റെ പ്രഖ്യാപനത്തെ ഇരു സെനറ്റർമാരും വിമർശിച്ചു.
“ഈ ഷട്ട്ഡൗണിനെ കഴിയുന്നത്ര ക്രൂരമാക്കാൻ ട്രംപ് ശ്രമിക്കുകയാണ്. ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ ഒരു തരത്തിലും ഇടപെടാതെ, ഈ ക്രൂരതയും വേദനയും വർദ്ധിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് അദ്ദേഹത്തിന്‍റെ പ്രതികാര മനോഭാവവും മോശമായ സ്വഭാവവുമാണ് എടുത്തു കാണിക്കുന്നത്. കാരണം, അനാവശ്യമായി ജനങ്ങൾ കഷ്ടപ്പെടുകയാണ്,” ബ്ലൂമെൻതാൽ തുറന്നടിച്ചു.
















