
വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്നറിയപ്പെടുന്ന ഭീമൻ നികുതി-ചെലവ് നിർദ്ദേശങ്ങൾ പാസാക്കുന്നതിനുള്ള നിർണായക ചുവടുവെപ്പുമായി റിപ്പബ്ലിക്കൻ പാർട്ടി. ശനിയാഴ്ച രാത്രി വൈകി നടന്ന വോട്ടെടുപ്പിൽ 51-49 എന്ന നേരിയ ഭൂരിപക്ഷത്തിൽ ബിൽ ഒരു പ്രധാന നടപടിക്രമ വോട്ടിൽ വിജയിച്ചു. ഇതോടെ ബില്ലിന്മേൽ ചർച്ചകൾ തുടങ്ങാൻ സെനറ്റിന് സാധിക്കും.
ട്രംപിന്‍റെ ഈ ബിൽ ഫെഡറൽ നികുതികൾ കുറയ്ക്കാനും പ്രതിരോധ, അതിർത്തി സുരക്ഷാ ഏജൻസികൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കാനും ലക്ഷ്യമിടുന്നു. അതേസമയം, മെഡികെയർ, മെഡിക്എയ്ഡ് പോലുള്ള സർക്കാർ സാമൂഹിക സുരക്ഷാ പദ്ധതികൾക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കും. ഈ ബിൽ പാസാക്കുന്നതിന് സമയപരിധി ഒരു വലിയ വെല്ലുവിളിയാണ്.
ജൂലൈ 4ന് ബില്ലിൽ ഒപ്പുവെക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. സെനറ്റിൽ പാസാക്കിയാൽ, ബിൽ വീണ്ടും ജനപ്രതിനിധിസഭയുടെ (House of Representatives) അംഗീകാരത്തിനായി അയക്കണം. ശനിയാഴ്ചത്തെ വോട്ടെടുപ്പോടെ തിങ്കളാഴ്ചയോടെ ബില്ലിന്റെ അന്തിമ വോട്ടെടുപ്പ് സെനറ്റിൽ നടക്കാനുള്ള സാധ്യതയേറി. അതേസമയം, റിപ്പബ്ലിക്കൻ നേതാക്കൾക്ക് ബില്ലിൽ മാറ്റങ്ങൾ ആവശ്യപ്പെടുന്ന അംഗങ്ങളെ അനുനയിപ്പിക്കേണ്ടതുണ്ട്. ബിൽ തികച്ചും വിനാശകരമാണെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് വിമർശിച്ചിട്ടുണ്ട്.