ട്രംപ് പൊടിക്ക് അടങ്ങിയതോടെ ഇന്ത്യൻ വിപണിക്കും മിന്നും നേട്ടം, കുതിച്ചുച്ചാട്ടം; വ്യാപാര പിരിമുറുക്കങ്ങൾക്കിടെ വലിയ ആശ്വാസം

മുംബൈ: ഇന്ത്യൻ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഒരു മാസത്തെ ഉയർന്ന നിലവാരത്തിലാണ് സൂചികകൾ. സെൻസെക്സ് 1,397 പോയിന്‍റ് അഥവാ 1.8 ശതമാനം ഉയർന്ന് 78,583 ലും നിഫ്റ്റി 378 പോയിൻ്റ് അഥവാ 1.6 ശതമാനം ഉയർന്ന് 23,739 ലും എത്തി. ഏകദേശം 2,426 ഓഹരികൾ മുന്നേറി, 1,349 ഓഹരികൾ ഇടിഞ്ഞു, 144 ഓഹരികൾക്ക് മാറ്റമില്ല.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് നയങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. കാനഡയ്ക്കും മെക്സിക്കോയ്ക്കുമുള്ള അധിക നികുതി ട്രംപ് ഒരു മാസത്തേക്ക് നീട്ടിവെച്ചപ്പോൾ മുതൽ വിപണിയില്‍ നേട്ടങ്ങൾ കണ്ടു തുടങ്ങുകയും സൂചികകൾ ഉയരാനും തുടങ്ങി. വർദ്ധിച്ചുവരുന്ന വ്യാപാര പിരിമുറുക്കങ്ങൾക്കിടെ താത്കാലിക ആശ്വാസം നൽകുന്നതാണ് ചൊവ്വാഴ്ചത്തെ ഇന്നത്തെ നേട്ടം.

ഫെബ്രുവരി ഒന്നിനാണ് ട്രംപ് കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനം താരിഫ് ചുമത്തിയത്. അനധികൃത കുടിയേറ്റവും മയക്കുമരുന്ന് വ്യാപാരവും ചൂണ്ടിക്കാട്ടി ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം നികുതിയും അമേരിക്ക ചുമത്തിയിട്ടുണ്ട്.

എന്നാൽ വലിയ വിമര്‍ശനങ്ങളും വിദഗ്ധരുടെ മുന്നറിയിപ്പും വന്നതോടെ ട്രംപ് നിലപാട് മാറ്റുകയും നികുതി ഏർപ്പെടുത്തല്‍ താത്കാലികമായി ദീര്‍ഘിപ്പിക്കുകയും ചെയ്തു. പക്ഷേ ചൈനയ്ക്ക് എതിരെ നികുതി ചുമത്തുന്നതിൽ നിന്ന് അമേരിക്ക പിൻവാങ്ങിയിട്ടില്ല.

More Stories from this section

family-dental
witywide