
വാഷിംഗ്ടൺ: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്താനുള്ള അമേരിക്കൻ പ്രസിഡന്റിന്റെ ഭീഷണിയെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിനിടെ, ഡൊണാൾഡ് ട്രംപിന്റെ ദീർഘകാല സഹായിയായ സെർജിയോ ഗോറിനെ ഇന്ത്യയിലെ അടുത്ത യുഎസ് അംബാസഡറായി നാമനിർദ്ദേശം ചെയ്തതിനെ പിന്തുണച്ച് വിദഗ്ധർ.
നിലവിൽ വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ പേഴ്‌സണൽ ഓഫീസിന്റെ ഡയറക്ടറായ സെർജിയോ ഗോർ (38) “വർഷങ്ങളായി എന്റെ കൂടെയുള്ള ഒരു നല്ല സുഹൃത്താണ്. ഇന്ത്യയിലേക്കുള്ള അടുത്ത അമേരിക്കൻ അംബാസഡറായി സെർജിയോ ഗോറിനെ സ്ഥാനക്കയറ്റം നൽകുന്നതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ദക്ഷിണ, മധ്യേഷ്യൻ കാര്യങ്ങളുടെ പ്രത്യേക ദൂതനായും അദ്ദേഹം പ്രവർത്തിക്കും എന്നായിരുന്നു ഡൊണാൾഡ് ട്രംപിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
ട്രംപിൻ്റെ ഈ തീരുമാനത്തെ അനുകൂലിച്ച് കൊണ്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ”നമ്മുടെ രാജ്യത്തിന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബന്ധങ്ങളിലൊന്നിൽ അമേരിക്കയുടെ മികച്ച പ്രതിനിധിയായിരിക്കും അദ്ദേഹം” എന്ന് പറഞ്ഞ് ഗോറിനെ പിന്തുണച്ചു. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ “ഗോർ, നമ്മുടെ രാജ്യത്തിന് ഇന്ത്യയിലേക്കുള്ള ഒരു മികച്ച അംബാസഡറാകും” എന്നും പറഞ്ഞു.
“പ്രസിഡന്റ് ട്രംപിന്റെ ബുദ്ധിമാനും വിശ്വസ്തനുമായ കൗൺസിലർ സെർജിയോ ഗോർ ഇന്ത്യയിലെ അംബാസഡറായി ലഭിക്കുന്നത് വലിയ കാര്യമാണ്. യുഎസ്-ഇന്ത്യ ബന്ധം വളരെയധികം പ്രധാനമാണ്, ഈ പ്രധാന റോളിൽ ഇത്രയും കഴിവുള്ളവനും ഉൾക്കാഴ്ചയുള്ളവനുമായ ഒരാൾ ഉണ്ടായിരിക്കേണ്ടത് നിർണായകമായിരിക്കും” എന്ന് യുഎസ് പ്രതിരോധ നയകാര്യ ഡെപ്യൂട്ടി സെക്രട്ടറി എൽബ്രിഡ്ജ് കോൾബിയും പറഞ്ഞു. തുടങ്ങി നിരവധി പേർ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.