
യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലേക്കുള്ള ഹൈവേയിൽ, വിദേശ സഞ്ചാരികളുമായി പോവുകയായിരുന്ന ഒരു ടൂർ വാനും ഒരു പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് , തീപിടിച്ച് ഏഴ് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐഡഹോ സ്റ്റേറ്റ് പൊലീസ് പറഞ്ഞു.
കിഴക്കൻ ഐഡഹോയിലെ ഹെൻറീസ് ലേക്ക് സ്റ്റേറ്റ് പാർക്കിന് സമീപം യുഎസ് ഹൈവേ 20 ൽ വ്യാഴാഴ്ച വൈകുന്നേരം 7:15 നാണ് അപകടമുണ്ടായത്. 14 പേരടങ്ങുന്ന ഒരു ടൂറിസ്റ്റ് സംഘമാണ് വാനിൽ ഉണ്ടായിരുന്നത് ഇതിലെ ആറു പേരും പിക്ക് അപ് ട്രക്കിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും തീ പിടിച്ചു. രക്ഷപ്പെട്ടവരെ പരുക്കുകളോടെ ആശുപത്രികളിലേക്ക് മാറ്റിയതായും പൊലീസ് വക്താവ് ആരോൺ സ്നെൽ പറഞ്ഞു.
ട്രക്ക് ഡ്രൈവർ ടെക്സസിലെ ഹംബിളിൽ നിന്നുള്ള 25 കാരനായ ഇസൈഹ് മൊറീനോ ആണെന്ന് തിരിച്ചറിഞ്ഞുട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിയാൻ കുറച്ച് സമയമെടുക്കുമെന്ന് പൊലീസ് പറഞ്ഞു. രണ്ടു പേർ ഇറ്റലിക്കാരാണ് എന്ന് അറിയാം . ബാക്കിയുള്ളവർ ഏതൊക്കെ രാജ്യങ്ങളിൽ നിന്ന് ഉള്ളവരാണ് എന്ന് മനസ്സിലാക്കി വരുന്നതേയുള്ളു. എല്ലാവരും യുഎസിന് പുറത്തുനിന്നുള്ളവരാണ്. മൃതദേഹങ്ങൾ കരിഞ്ഞുപോയതിനാൽ ഡിഎൻഎ പരിശോധന അടക്കം നടത്തിയാലേ ആളുകളെ തിരിച്ചറിയാൻ സാധിക്കു.
അപകടത്തിന് കാരണമെന്താണെന്ന് പോലീസ് കൃത്യമായി പറഞ്ഞിട്ടില്ല. ഡോഡ്ജ് റാം ട്രക്ക് പടിഞ്ഞാറോട്ട് സഞ്ചരിക്കുകയായിരുന്നു, മെഴ്‌സിഡീസ് വാൻ യെല്ലോസ്റ്റോണിലേക്ക് കിഴക്കോട്ട് സഞ്ചരിക്കുകയായിരുന്നു.
Seven killed in Idaho tour van-pickup truck collision