കോഴിക്കോട് സിപിഎം-കോൺഗ്രസ് വൻ സംഘർഷം, ലാത്തി ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്, ആശുപത്രിയിൽ, പരക്കെ പ്രതിഷേധം

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ വടകര എംപി ഷാഫി പറമ്പിൽ ഉൾപ്പെടെ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. പോലീസിന്റെ ലാത്തിവീശലിനും കണ്ണീർവാതക പ്രയോഗത്തിനും ഇടയിൽ ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസുകാർക്കും പരിക്കേറ്റു. മുഖത്ത് പരിക്കേറ്റ ഷാഫി പറമ്പിലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാമ്പ്ര സികെജി കോളേജിലെ തിരഞ്ഞെടുപ്പിൽ യുഡിഎസ്എഫിന്റെ ചെയർമാൻ സ്ഥാന വിജയത്തെ തുടർന്നുള്ള വിജയാഹ്ലാദ പ്രകടനം പോലീസ് തടഞ്ഞതാണ് സംഘർഷത്തിന് തുടക്കമിട്ടത്.

കഴിഞ്ഞ ദിവസം പേരാമ്പ്ര ടൗണിൽ നടന്ന സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിക്കുകയും പ്രകടനം സംഘടിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. അതേസമയം, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദിന് മർദനമേറ്റതായി ആരോപിച്ച് സിപിഎമ്മും പ്രകടനത്തിന് തയ്യാറെടുത്തു. ഒരേ സമയം നടന്ന ഈ രണ്ട് പ്രകടനങ്ങൾ നേർക്കുനേർ എത്തിയതോടെ സ്ഥിതി വഷളായി. പോലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെ, പോലീസിന് നേരെ കല്ലേറും ഉണ്ടായതായി റിപ്പോർട്ട്.

സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധം നടത്തുകയാണ്. സംഘർഷത്തിന്റെ തുടർച്ചയായി കോഴിക്കോട് റൂറൽ എസ്പി പേരാമ്പ്രയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. നാട്ടിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide