
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ ചേർത്ത് പിടിക്കാൻ ഷാഫി പറമ്പിൽ. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ്റെ വീട്ടിൽ പാലക്കാട് ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നതായി റിപ്പോർട്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോഗത്തിലെ ചർച്ച. ഇന്നലെയാണ് ചേർന്ന യോഗത്തിൽ മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാവുമെന്ന് വിലയിരുത്തി. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിൻ്റെ ലക്ഷ്യം. ഷാഫി പറമ്പിൽ ഇന്നലെ പാലക്കാട് എത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനാണ് എത്തിയെന്നായിരുന്നു പ്രതികരണം.
വിഷയത്തിൽ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരസ്യമായി പ്രതികരിച്ച റിനി ജോര്‍ജ്ജ്, അവന്തിക, ഹണി ഭാസ്കര്‍ എന്നിവരുടെ മൊഴി ആദ്യ ഘട്ടത്തിൽ ക്രൈംബ്രാഞ്ച് എടുക്കും. എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കും. ഡിവൈഎസ്പി സി ബിനുകുമാറിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു. ഡിജിറ്റൽ തെളിവുകള്‍ നിര്‍ണായകമായ കേസിൽ സൈബര്‍ വിദഗ്ധർ കൂടി പ്രത്യേക സംഘത്തിൽ ഉണ്ടാകും. അതേസമയം, ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിൽ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് നീക്കം.