
പേരാമ്പ്ര: പൊലീസ് ലാത്തിച്ചാർജില്‍ പരുക്കേറ്റ ഷാഫി പറമ്പില്‍ എം.പിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പേരാമ്പ്രയിൽ യു.ഡി.എഫ് – സി.പി.എം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയുണ്ടായ പൊലീസ് ലാത്തിച്ചാർജിലാണ് ഷാഫി പറമ്പിലിന് പരുക്കേറ്റത്. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് കോഴിക്കോട് ഡി സി സി പ്രസിഡന്‍റ് പ്രവീണ്‍ കുമാർ അറിയിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പൊട്ടല്‍ കണ്ടെത്തിയത്. പിന്നാലെയാണ് അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഷാഫിക്ക് 5 ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
ടി. സിദിഖ് എം.എല്‍.എ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പറമ്പില്‍ എം.പിയുടെ ശസ്ത്രക്രിയയെ കുറിച്ച് വെളിപ്പെടുത്തിയത്. ഒരു ജനപ്രതിനിധിക്ക് പോലും പൊലീസ് നരനായാട്ടിന് മുന്നില്‍ രക്ഷയില്ലെന്നും എം എല്‍ എ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, പൊലീസ് ഷാഫിയെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതെന്ന് ടി. സിദിഖ് വ്യക്തമാക്കി. പൊലീസിനെ എല്ലാ കാലത്തും നിയന്ത്രിക്കുന്നത് പിണറായി ആയിരിക്കില്ലെന്ന് പൊലീസിനെയും അവരെ പറഞ്ഞ് വിട്ടവരേയും ഓർമിപ്പിക്കുന്നുവെന്നും സിദിഖ് കൂട്ടിച്ചേർത്തു.