‘പിറവി’യിലൂടെ ലോകമറിഞ്ഞ മലയാളത്തിന്റെ വിശ്വ സംവിധായകൻ, ഷാജി എൻ കരുൺ അന്തരിച്ചു

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ അന്തരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ വഴുതക്കാടിലെ വസതിയായ ‘പിറവി’യിലായിരുന്നു അന്ത്യം. 40ഓളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.

പ്രശസ്ത സംവിധായകൻ അരവിന്ദന്റെ കാഞ്ചനസീതയിലൂടെയാണ് ഷാജി സ്വതന്ത്ര ഛായാഗ്രാഹകനായത്. കെ.ജി. ജോര്‍ജിന്റെ ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ഹരിഹരന്‍റെ പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍ എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 1976ല്‍ തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഫിലിം ഓഫീസറായി ജോലിയില്‍ പ്രവേശിച്ച കാലത്താണ് ജി അരവിന്ദനോടൊപ്പം ചേരുന്നത്. തുടര്‍ന്ന് കെ.ജി. ജോര്‍ജ്, എം.ടി. വാസുദേവന്‍ നായര്‍ തുടങ്ങിയ പ്രമുഖരുടെ സിനിമകള്‍ക്കായി ക്യാമറ ചലിപ്പിച്ചു. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

1989ലെ കാന്‍ ചലച്ചിത്രമേളയില്‍ ‘ഗോള്‍ഡന്‍ ക്യാമറ-പ്രത്യേക പരാമര്‍ശം’ നേടിയ കന്നി ചിത്രമായ ‘പിറവി’യിലൂടെ അന്താരാഷ്ട്ര ശ്രദ്ധനേടിയ സംവിധായകനായി. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള മലയാള ചിത്രമാണ് പിറവി. നാല്‍പ്പതോളം പുരസ്‌കാരങ്ങള്‍ ആണ് ചിത്രം നേടിയത്. പ്രേംജി ആയിരുന്നു സിനിമയിലെ നായകന്‍. പിറവിയുടെ ഛായാഗ്രഹണത്തിന് ഈസ്റ്റ്മാന്‍ കൊഡാക്ക് അവാര്‍ഡും ലഭിച്ചിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ ഛായാഗ്രാഹകന് ഈ അവാര്‍ഡ് ലഭിക്കുന്നത്.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രഥമ അധ്യക്ഷനായിരുന്നു. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടേ അധ്യക്ഷ സ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. കലാസാഹിത്യരംഗങ്ങളിലെ സംഭാവനയ്ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നല്കുന്ന ‘ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ്’ പുരസ്‌കാരം 1999ല്‍ ലഭിച്ചു. 2011ല്‍ പത്മശ്രീ പുരസ്‌കാരത്തിനര്‍ഹനായി.

കൊല്ലം ജില്ലയിലെ കണ്ടച്ചിറയില്‍ എന്‍. കരുണാകരന്റെയും ചന്ദ്രമതിയുടേയും മൂത്തപുത്രനായി 1952 ലാണ് ജനനം. പള്ളിക്കര സ്‌കൂള്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1971ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന അദ്ദേഹം 1975ല്‍ മെഡലോടുകൂടി ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടി. ഐ എസ് ആര്‍ ഒ യില്‍ ക്യാമറാമാനായി ജോലി ചെയ്തിട്ടുണ്ട്. കുറച്ചു കാലം ഫ്രീലാന്‍സ് ആയും ജോലി ചെയ്തു. 1976ല്‍ കെ എസ് എഫ് ഡി യില്‍ ജോലി ലഭിച്ചു. അശോക് കുമാറിന്റെ അസിസ്റ്റന്റായി. പിന്നെ മധു അമ്പാട്ട്, അസീസ് എന്നിവരുടെ കൂടെയും പ്രവര്‍ത്തിച്ചിരുന്നു.

More Stories from this section

family-dental
witywide