
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ പ്രാന്തപ്രദേശമായ ലോംഗ് ഐലന്‍ഡിലെ ജോണ്‍സ് ബീച്ച് സ്റ്റേറ്റ് പാര്‍ക്കില്‍ സ്രാവിന്റെ ആക്രമണം നടന്നതായി സംശയം. ഇവിടെയെത്തിയ 20 വയസ്സുകാരിയെ സ്രാവ് കടിച്ചെന്നാണ് റിപ്പോര്‍ട്ട്. ബീച്ചില്‍ തിരമാലയില്‍ അരയോളം ആഴത്തില്‍വെച്ചാണ് ആക്രമണമുണ്ടായതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുവതിയുടെ ഇരു കാലുകള്‍ക്കും മുറിവേറ്റിട്ടുണ്ട്. മുറിവ് ജീവന് ഭീഷണിയല്ലെന്നും അവര്‍ക്ക് ചികിത്സ നല്‍കിയതായും പാര്‍ക്ക് അധികൃതരുടെ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, കടിച്ചത് എന്താണെന്ന് യുവതിക്ക് കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ ഡ്രോണ്‍ തിരച്ചിലിലും അപകടകരമായ ജീവികളെ കണ്ടെത്താനായില്ല. എന്നാല്‍ പരിക്കുകളുടെയും മറ്റ് ഘടകങ്ങളുടെയും ഫോട്ടോകള്‍ വിശകലനം ചെയ്യുന്ന വിദഗ്ധരാണ് ആക്രമിച്ചത് സ്രാവിൻ്റെ കുട്ടി ആകാം എന്ന നിഗമനത്തിലെത്തിയത്. കടിയേറ്റത് സാന്‍ഡ് ടൈഗര്‍ വിഭാഗത്തിലെ സ്രാവില്‍ നിന്നാകാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ സംഭവത്തിന് ശേഷം ഇവിടെ നീന്തല്‍ നടത്താന്‍ പാടില്ലെന്ന താത്ക്കാലിക നിര്‍ദേശമുണ്ടായിരുന്നു. പിന്നീട് ഡ്രോണുകളും ലൈഫ് ഗാര്‍ഡുകളും വെള്ളത്തില്‍ പരിശോധന തുടരുന്നുണ്ട്.