
വാഷിങ്ടണ്‍: പ്രസിഡന്റായി ജനുവരിയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം യുഎസില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കുനേരെ കര്‍ശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യക്കാര്‍ക്ക് അടക്കം ഞെട്ടലുണ്ടാക്കുന്ന നീക്കവുമായി അമേരിക്ക.
വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ എല്ലാ വിദേശികള്‍ക്കും നല്‍കിയ 5.5 കോടിയിലധികം വിസകള്‍ അമേരിക്ക പുനഃപരിശോധന നടത്തുന്നു. നാടുകടത്തലിന് കാരണമായേക്കാവുന്ന വിഷയങ്ങളുണ്ടോ എന്നറിയാനാണ് ഈ നീക്കം. നാടുകടത്തലിന് കാരണമായേക്കാവുന്ന ഏതെങ്കിലും ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ വിസ റദ്ദാക്കപ്പെടും. വിസ ഉടമ അമേരിക്കയില്‍ തുടരുകയാണെങ്കില്‍ നാടു കടത്തുകയും ചെയ്യും. ഇതിനായി തുടര്‍ച്ചയായ പരിശോധന നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, അമേരിക്കയില്‍ താമസിക്കാന്‍ അനുമതി ലഭിച്ചവരുടെ പോലും വിസ പെട്ടെന്ന് റദ്ദാക്കപ്പെട്ടേക്കാം എന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നീക്കം സൂചിപ്പിക്കുന്നത്.
വിസ നല്‍കിയതിന് ശേഷം അയോഗ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന ഏതെങ്കിലും വിവരം ലഭിച്ചാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ വര്‍ഷം 12.8 ദശലക്ഷം ഗ്രീന്‍ കാര്‍ഡ് ഉടമകളും 3.6 ദശലക്ഷം പേര്‍ താല്‍ക്കാലിക വിസയിലും അമേരിക്കയില്‍ ഉണ്ടായിരുന്നതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.