
വാഷിംഗ്ടൺ: കെന്റക്കി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ (കെഎസ്‌യു) നടന്ന വെടിവയ്പ്പിൽ ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഒരാൾ ഗുരുതരാവസ്ഥയിലാണ്. സംഭവത്തിന് പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുത്തതായി നഗരത്തിലെ പൊലീസ് വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കെഎസ്‌യു കാമ്പസിന്റെ തെക്ക് ഭാഗത്തുള്ള ഒരു റെസിഡൻഷ്യൽ ഹാളിലാണ് സംഭവം നടന്നത്. ഫ്രാങ്ക്ഫോർട്ട് പൊലീസ് ഡിപ്പാർട്ട്‌മെന്റ്, കെഎസ്‌യു കാമ്പസ് പൊലീസ്, ഫ്രാങ്ക്ലിൻ കൗണ്ടി ഷെരീഫ് ഓഫീസ് എന്നിവരടങ്ങുന്ന സംഘമാണ് വെടിവയ്പ്പിനു പിന്നാലെ അക്രമിയെ കീഴ്പ്പെടുത്തിയതും സുരക്ഷയൊരുക്കിയതും.
അതേസമയം, കാമ്പസിലുണ്ടായ വെടിവയ്പ്പ് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും കൂട്ട വെടിവയ്പ്പല്ലെന്നും കെന്റക്കി ഗവർണർ ആൻഡി ബെഷിയർ വ്യക്തമാക്കി. “നമ്മുടെ കോമൺവെൽത്തിലോ രാജ്യത്തോ അക്രമത്തിന് സ്ഥാനമില്ല. ഇരകളുടെ കുടുംബങ്ങൾക്കും നമ്മുടെ കെഎസ്‌യു വിദ്യാർത്ഥികൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഇത്തരം കാര്യങ്ങൾ സംഭവിക്കാത്ത ഒരു ലോകത്തിനായി നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ ജനങ്ങളെ സംരക്ഷിക്കാൻ വേഗത്തിൽ പ്രവർത്തിച്ച ഞങ്ങളുടെ ധീരരായ നിയമപാലകർക്ക് നന്ദി.”- അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.
ഏകദേശം 1,000 ഏക്കർ വിസ്തൃതിൽ പരന്നുകിടക്കുന്നതാണ് കെഎസ് യു കാമ്പസ്. 2,200-ലധികം വിദ്യാർത്ഥികളും 450 ഫാക്കൽറ്റിയും സ്റ്റാഫ് അംഗങ്ങളും ഇവിടെയുണ്ട്.














