
കാലിഫോർണിയ: കാലിഫോർണിയയിലെ സ്റ്റോക്ക്ടണിലെ ഒരു ബാങ്ക്വറ്റ് ഹാളിൽ ശനിയാഴ്ച വൈകുന്നേരം നടന്ന ജന്മദിന പാർട്ടിക്കിടെയുണ്ടായ കൂട്ട വെടിവയ്പ്പിൽ പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല. മാരകമായ വെടിവയ്പ്പിൽ മൂന്നുകുട്ടികളടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്. ഒരു കുട്ടിയുടെ ജന്മദിന ആഘോഷത്തിനിടെയായിരുന്നു ദാരുണമായ വെടിവയ്പ്പുണ്ടായത്. 11 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ 11 പേരിൽ ഒരുകുട്ടിക്ക് 9 വയസുമാത്രമാണ് പ്രായം. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ 8, 9, 14 വയസ്സുള്ള കുട്ടികളാണെന്നും നാലാമത്തെയാൾക്ക് 21 വയസ്സുണ്ടെന്നും സാൻ ജോക്വിൻ കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെ കുടുംബ സംഗമത്തിനായി ബാങ്ക്വറ്റ് ഹാളിൽ ആളുകൾ ഒത്തുകൂടിയപ്പോഴാണ് വെടിവയ്പ്പ് ഉണ്ടായത്. ഞായറാഴ്ച അമേരിക്കൻ പ്രാദേശിക സമയം വൈകിട്ട് ആറുമണിയോടെയാണ് ലൂസൈൽ അവന്യൂവിലെ 1900 ബ്ലോക്കിന് സമീപം വെടിവെപ്പ് നടന്നതായി പൊലീസിന് റിപ്പോർട്ട് ലഭിച്ചത്.
സംഭവത്തെക്കുറിച്ചുള്ള വിവരങ്ങളോ വീഡിയോ ദൃശ്യങ്ങളോ ലഭിക്കുന്നവർ മുന്നോട്ട് വരണമെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. പ്രതികളെ കണ്ടെത്താനും ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും നീതി ഉറപ്പാക്കാനും സമൂഹത്തിന്റെ സഹായം അത്യാവശ്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Shooting that killed three people in California during a birthday party: Suspect still missing, search intensifies













