100,000 ഡോളർ ഫീസ് വർധനവിൽ ഒതുങ്ങുന്നില്ല ; H-1B വിസയിൽ കാര്യമായ മാറ്റങ്ങൾ ഇനിയുമുണ്ട്, സൂചന നൽകി യുഎസ് വാണിജ്യ സെക്രട്ടറി

ന്യൂഡൽഹി: ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്കായി മിടുക്കരായ വിദേശികളെ കൊണ്ടുവരുന്നതിനുള്ള എച്ച് 1 ബി വിസ ഫീസ് 100,000 ഡോളർ ആയി ഉയർത്തിയതിനു പിന്നാലെ വീണ്ടും മാറ്റങ്ങൾ വരുന്നു. എച്ച് 1 ബി വീസയിൽ കാര്യമായ മാറ്റങ്ങൾ വരുന്നതായുള്ള സൂചന യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് ആണ് നൽകുന്നത്.

പുതുക്കിയ ഫീസ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് H-1B വിസ പ്രക്രിയയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് യുഎസ് വാണിജ്യ സെക്രട്ടറിയുടെ മുന്നറിയിപ്പ്. കുറഞ്ഞ വേതനം വാങ്ങുന്ന ടെക് കൺസൾട്ടന്റുമാർക്ക് യുഎസിൽ പ്രവേശിക്കാനും അവരുടെ കുടുംബങ്ങളെ കൊണ്ടുവരാനും അനുവാദമുണ്ടെന്ന നിലവിലെ വിസ പ്രക്രിയ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിലാണ് കാതലായ മാറ്റം വരികയെന്നാണ് റിപ്പോർട്ട്.

ടെക് കമ്പനികള്‍ക്ക് യോഗ്യതയുള്ള യുഎസ് പൗരന്മാരെയും സ്ഥിര താമസക്കാരെയും കൊണ്ട് നികത്താന്‍ പ്രയാസമുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്കായി ഏറ്റവും മിടുക്കരായ വിദേശികളെ കൊണ്ടുവരുന്നതിനാണ് എച്ച്1ബി വിസകള്‍ ഉള്ളത്. അതായത്, വിദേശികളായ സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ക്ക് യുഎസ് നല്‍കുന്ന വിസയാണ് എച്ച്1ബി വിസ.

അതേസമയം, എച്ച്-1ബി വീസ ഫീസ് കുത്തനെ ഉയര്‍ത്തിയതിനു പിന്നാലെ ട്രംപ് ഭരണകൂടം വീസ തിരഞ്ഞെടുപ്പ് പ്രക്രിയയിലും സുപ്രധാന മാറ്റങ്ങള്‍ വരുത്തും. ലോട്ടറി സമ്പ്രദായം നിർത്തലാക്കാനാണ് നിർദേശം. ലോട്ടറി സമ്പ്രദായം എല്ലാ അപേക്ഷരെയും തുല്യമായി പരിഗണിക്കുന്നുവെന്നാണ് സർക്കാർ നിരീക്ഷണം. ഉയര്‍ന്ന വൈദഗ്ധ്യമുള്ള, കൂടുതല്‍ വേതനം നല്‍കുന്ന തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കുന്ന രീതിയാണ് പുതിയതായി കൊണ്ടുവരുന്നത്.

ജോലികള്‍ നികത്താന്‍ പ്രയാസമുള്ള മേഖലകളില്‍, പ്രത്യേകിച്ച് ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നിവയില്‍ ബിരുദമോ അതില്‍ കൂടുതലോ ഉള്ള ആളുകള്‍ക്കായി 1990-ലാണ് H-1B പ്രോഗ്രാം തുടങ്ങിയത്. കുറഞ്ഞ വേതനം നല്‍കാനും കുറഞ്ഞ തൊഴില്‍ സംരക്ഷണം നല്‍കാനും കമ്പനികളെ അനുവദിക്കുന്നുവെന്ന് വ്യാപക വിമര്‍ശനമുയരുന്നുണ്ട്.  പ്രതിവർഷം 85,000 എച്ച്-1ബി വിസകൾ അനുവദിക്കുന്നു. ഇതിൽ 65,000 എണ്ണം സാധാരണ വിസകളും 20,000 എണ്ണം ഉന്നത ബിരുദം നേടിയവർക്ക് വേണ്ടിയുള്ള അധിക വിസകളുമാണ്.  ഈ വിസ വഴി വിദേശത്ത് ജോലി ചെയ്യാനും വ്യക്തിപരമായി വളരാനും അവസരം ലഭിക്കുന്നു. സ്ഥിര താമസത്തിനുള്ള ഗ്രീൻ കാർഡ് നേടാനും ഇത് ഒരു അടിസ്ഥാനമായി ഉപയോഗിക്കാം. ഈ വര്‍ഷം, ആമസോണിനായിരുന്നു ഏറ്റവും കൂടുതല്‍ H-1B വിസകള്‍ ലഭിച്ചത്. തൊട്ടുപിന്നാലെ ടാറ്റ കണ്‍സള്‍ട്ടന്‍സി, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിള്‍ എന്നിവയുമുണ്ട്. ഏറ്റവും കൂടുതല്‍ H-1B തൊഴിലാളികളുള്ളത് കാലിഫോര്‍ണിയയിലാണ്.

More Stories from this section

family-dental
witywide