മാർട്ടിൻ വിലങ്ങോലിൽ
പെയർലാൻഡ് / ഹൂസ്‌റ്റൺ : സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കൺവൻഷൻ കിക്കോഫ് ടെക്‌സാസിലെ പെയർലാൻഡ് സെന്റ് മേരീസ് ദേവാലയത്തിൽ നടന്നു. ഇടവകയിൽ നടന്ന ചടങ്ങുകൾക്ക് ഫാ. മെൽവിൻ പോൾ നേതൃത്വം നൽകി. കൺവൻഷന്റെ വിശദാംശങ്ങൾ പങ്കുവെക്കാനും പ്രചാരണത്തിനുമായി എത്തിയ കൺവൻഷൻ ടീമിനെ ഇടവക വികാരി ഫാ. വർഗീസ് ജോർജ് കുന്നത്തിൻ്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു. അപ്പച്ചൻ തൊട്ടാട്ടുശ്ശേരിൽ, സിബി മുണ്ടനാട്ട്, ബെന്നിച്ചൻ ചാക്കോ, ജോർജ് ഫിലിപ്പ് എന്നിവർ കിക്കോഫ് ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചു.

രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലി കൂടി ആഘോഷിക്കുന്ന കൺവൻഷന്റെ പ്രത്യേകതകൾ ഭാരവാഹികൾ ചടങ്ങിൽ വിശദീകരിച്ചു. കൺവൻഷൻ ഫെസിലിറ്റി ചെയർമാൻ ജോണി വടുക്കുംചേരി, ബിസിനസ് മാർക്കറ്റിങ് കോഓർഡിനേറ്റർ സന്തോഷ് കാട്ടൂക്കാരൻ എന്നിവർ പരിപാടിയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയും ഏവരെയും ഷിക്കാഗോയിലേക്ക് ക്ഷണിക്കുകയും ചെയ്‌തു. നേരിട്ടുള്ള സന്ദർശനങ്ങളിലൂടെയും ആശയവിനിമയങ്ങളിലൂടെയും കൺവൻഷനെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് ഏറെ സ്വാഗതാർഹമാണെന്ന് ഇടവക വികാരിയും കൺവൻഷൻ പ്രതിനിധികളും അഭിപ്രായപ്പെട്ടു.

2026 ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോ നഗരഹൃദയത്തിലെ വിഖ്യാതമായ മക്കോർമിക് പ്ലേസിലും അനുബന്ധ ഹോട്ടലുകളിലുമാണ് ഈ ബൃഹത്തായ സംഗമം നടക്കുന്നത്. വിശ്വാസ സംരക്ഷണത്തിനും ആത്മീയ വളർച്ചയ്ക്കും സൗഹൃദങ്ങൾ പുതുക്കുന്നതിനും വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൺവൻഷൻ വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ ഇടവകകളിൽ നേരിട്ട് സന്ദർശനം നടത്തി റജിസ്ട്രേഷൻ നടപടികളും കൺവൻഷന്റെ രൂപരേഖയും ജനങ്ങൾക്ക് പരിചയപ്പെടുത്തി വരികയാണ് കൺവൻഷൻ ടീം എന്ന് കൺവൻഷൻ സെക്രട്ടറി ബീന വള്ളിക്കളം അറിയിച്ചു.

ദിവസേനയുള്ള കുർബാന, ആരാധന എന്നിവയ്ക്ക് പുറമെ വൈവിധ്യമാർന്ന വിഷയങ്ങളിലെ ചർച്ചകൾ, സംഘടനാ കൂട്ടായ്മകൾ, കലാപരിപാടികൾ, മത്സരങ്ങൾ എന്നിവ കൺവൻഷന്റെ ഭാഗമായി ഉണ്ടാകും. മുതിർന്നവർക്കും യുവജനങ്ങൾക്കും പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന ട്രാക്കുകൾ പരിപാടികളുടെ സവിശേഷതയാണ്. അമേരിക്കയിലെ സിറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ-സാംസ്‌കാരിക സംഗമമായി മാറുന്ന ഈ പരിപാടിയിൽ പങ്കാളികളാകാൻ എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്തു. പെയർലാൻഡ് സെന്റ് മേരീസ് ദേവാലയത്തിൽ ലഭിച്ച ഊഷ്‌മളമായ സ്വീകരണത്തിന് കൺവൻഷൻ ടീം നന്ദി രേഖപ്പെടുത്തി.
Silver Jubilee Celebration of the Syro-Malabar Diocese; Convention Kickoff Held at St. Mary’s Church, Pearland











