
ന്യൂയോര്‍ക്ക് : വ്യാഴാഴ്ച രാത്രി ന്യൂയോര്‍ക്ക് യാങ്കീസ് ബേസ്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കുകയും നൃത്തം ചെയ്യുകയും ചെയ്തതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ട്രോളുകള്‍. ട്രംപിന്റെ അടുത്ത സുഹൃത്തും യുഎസിലെ കണ്‍സര്‍വേറ്റീവ് ആക്ടിവിസ്റ്റുമായ ചാര്‍ളി കിര്‍ക്ക് യൂട്ടായില്‍ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ലേശംപോലും ദുഖമില്ലാതെയാണ് ട്രംപ് ആഘോഷിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.
ട്രംപ് തന്റെ സിഗ്‌നേച്ചര്‍ സ്യൂട്ടും ചുവന്ന ടൈയും ധരിച്ച് യാങ്കീസ് ടീം പ്രസിഡന്റ് റാണ്ടി ലെവിന്റെ അരികിലിരുന്ന് കളിയിലുടനീളം അദ്ദേഹവുമായി സംസാരിച്ചും സന്തോഷിച്ചുമാണ് കാണപ്പെട്ടത്. പിന്നീട്, സ്റ്റേഡിയത്തില്‍ സംഗീതം ഉയര്‍ന്നപ്പോള്‍, പ്രസിഡന്റ് തന്റെ സീറ്റിലിരുന്ന് സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യുകയും ഇടയ്ക്ക് അദ്ദേഹം വരികള്‍ക്കൊപ്പം പാടുകയും രണ്ട് കൈകളും ഉയര്‍ത്തുന്നതും കാണാം.
അതേസമയം വ്യാഴാഴ്ചത്തെ ഗെയിമിന് മുമ്പ് ന്യൂയോര്‍ക്ക് യാങ്കീസ് ചാര്‍ളി കിര്‍ക്കിന് ആദരാഞ്ജലി അര്‍പ്പിക്കുകയും അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു നിമിഷം മൗനം ആചരിക്കുകയും ചെയ്തിരുന്നു.
ട്രംപിന്റെ ആഹ്ലാദകരമായ മാനസികാവസ്ഥ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. കിര്‍ക്കിന്റെ ദാരുണമായ മരണത്തിന്റെ ഞെട്ടലില്‍ രാജ്യം മുഴുവന്‍ ദുഖത്തിലാഴ്ന്നപ്പോഴും 9/11 ഭീകരാക്രമണ വാര്‍ഷികം ആഘോഷിക്കുകയും ചെയ്യുന്ന സമയത്തും ട്രംപിന്റെ ആവേശവും സന്തോഷവും വലിയ വിമര്‍ശനത്തിനാണ് തിരി കൊളുത്തിയത്. തന്റെ അടുത്ത സഹായിയുടെ മരണത്തില്‍ ദുഃഖിക്കുന്നതിനുപകരം നൃത്തം ചെയ്തതിന് വ്യാപകമായ ട്രോളാണ് ട്രംപിന് നേരിടേണ്ടി വന്നത്.
ചാർളി കിര്‍ക്കിന് പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നു . ചാർളി കിര്‍ക്ക് യൂട്ടാ വാലി സർവകലാശാലയിലാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വിദ്യാർത്ഥികളോട് സംവദിക്കവെ, കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നായിരുന്നു വെടിവെപ്പ് ഉണ്ടായത്. ട്രംപാണ് സാമൂഹികമാധ്യമങ്ങളിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. അമേരിക്കൻ ഐക്യനാടുകളിലെ യുവാക്കളുടെ ഹൃദയം ചാർലിയെക്കാൾ നന്നായി മറ്റാർക്കും മനസ്സിലായില്ലെന്ന് ട്രംപ് അനുസ്മരണ കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു കിര്‍ക്ക്. ഞായറാഴ്ച വരെ അമേരിക്കൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ഉത്തരവിട്ടു. ഇതിനൊക്കെ പിന്നാലെയാണ് ട്രംപ് ദുഖം മറന്ന് ആർത്തുല്ലസിച്ച് ട്രോളുകൾക്ക് ഇരയായത്.
President Trump doing his dance while YMCA plays at Yankee Stadium. pic.twitter.com/E6yruHg4xc
— Matt Viser (@mviser) September 12, 2025














