
സാൻ ഫ്രാൻസിസ്കോ: സക്കർബർഗ് സാൻ ഫ്രാൻസിസ്കോ ജനറൽ ആശുപത്രിയിൽവെച്ച് കുത്തേറ്റ 51 കാരിയായ സാമൂഹിക പ്രവർത്തക മരണത്തിന് കീഴടങ്ങി. ആശുപത്രിക്കുള്ളിൽ സ്റ്റീക്ക് കത്തിയുമായി എത്തിയ ഒരു രോഗിയുടെ ആക്രമണത്തിലാണ് ഇവർക്ക് മാരകമായി മുറിവേറ്റത്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. ആശുപത്രിയുടെ ആറാം നിലയിലുള്ള വാർഡ് 86-ൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 1:39 ഓടെയാണ് ആക്രമണം നടന്നത്. മെഡിക്കൽ ഫെസിലിറ്റിയുടെ വെബ്‌സൈറ്റ് പ്രകാരം, ആശുപത്രിയിലെ ആറാം നിലയിലുള്ള എച്ച്ഐവി/എയ്ഡ്‌സ് ക്ലിനിക്കാണിത്.
സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ 51 വയസ്സുള്ള ഒരു സാമൂഹിക പ്രവർത്തകയാണ് ഇരയെന്നും പ്രതി 34 വയസ്സുള്ള വിൽഫ്രെഡോ ടോർട്ടോലെറോ അരിച്ചിയാണെന്നും സാൻ ഫ്രാൻസിസ്കോ പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കൊലപാതകശ്രമം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, കലാപം, ആയുധം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അരിയേച്ചിയെ അറസ്റ്റ് ചെയ്തത്. ഇരയുടെ കഴുത്തിലും തോളിലും നിരവധി കുത്തേറ്റിരുന്നു. ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന അഞ്ച് ഇഞ്ച് നീളമുള്ള കത്തി സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ആക്രമണത്തിന് മുമ്പ്, ഷെഡ്യൂൾ ചെയ്ത അപ്പോയിന്റ്‌മെന്റിനായി ആശുപത്രിയിൽ എത്തിയ പ്രതി ഒരു ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ അധികൃതർ പൊലീസിനെ വിളിച്ചിരുന്നു. തുടർന്നായിരുന്നു ആക്രമണം.
കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫഷണൽ, സാങ്കേതിക ജീവനക്കാരുടെ യൂണിയൻ UPTE-CWA 9119, പ്രതിഷേധവുമായി രംഗത്തെത്തി. “ഓരോ തൊഴിലാളിയും അവരുടെ ഷിഫ്റ്റിന്റെ അവസാനം സുരക്ഷിതമായി വീട്ടിലെത്തുന്നുവെന്ന് ഉറപ്പാക്കുന്ന പൂർണ്ണ അന്വേഷണവും വിശ്വസനീയവും സ്ഥിരതയുള്ളതും സുതാര്യവുമായ സുരക്ഷാ പ്രോട്ടോക്കോളുകളും” ആവശ്യമാണെന്ന് അവർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു.
Social worker stabbed to death at San Francisco hospital, suspect in custody.















