
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രൂക്ഷമായ പരാമര്‍ശങ്ങളെക്കുറിച്ചും അറസ്റ്റ് ഭീഷണിയെക്കുറിച്ചും പ്രതികരിച്ച് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ വംശജനായ മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മംദാനി.
തനിക്കെതിരായ പരാമര്‍ശങ്ങളിലൂടെ യുഎസ് പ്രസിഡന്റ് വിഭജനത്തിന്റെ തീ ആളിക്കത്തിക്കുകയാണെന്ന് മംദാനി പറഞ്ഞു. തന്റെ ഭരണകൂടം തൊഴിലാളിവര്‍ഗ ജനങ്ങളെ വഞ്ചിക്കുന്നത് ആരും അറിയാതിരിക്കാനുള്ള ശ്രദ്ധതിരിക്കലിനായാണ് ട്രംപ് തന്നെ ലക്ഷ്യമിടുന്നതെന്നും 33 കാരനായ മംദാനി തിരിച്ചടിച്ചു.
തന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തില്ലെന്നും റിപ്പബ്ലിക്കന്‍മാര്‍ക്കെതിരെ ‘പ്രതികാരം ചെയ്യുമെന്നും’ മംദാനിയുടെ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
‘ഇന്നലെ, എന്നെ അറസ്റ്റ് ചെയ്യണമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എന്നെ നാടുകടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഈ നഗരത്തിലെ ആദ്യത്തെ കുടിയേറ്റ മേയറാകാന്‍ പോകുന്ന, ഈ നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്ലീമും ആദ്യത്തെ ദക്ഷിണേഷ്യന്‍ മേയറുമാകാന്‍ പോകുന്ന എന്നെക്കുറിച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്,’ ന്യൂയോര്‍ക്കിലെ ഹോട്ടല്‍ ആന്‍ഡ് ഗെയിമിംഗ് ട്രേഡ്‌സ് കൗണ്‍സില്‍ ആസ്ഥാനത്ത് നടന്ന റാലിയില്‍ സംസാരിക്കവെ മംദിനി പറഞ്ഞു. ‘ഞാന്‍ ആരാണെന്നോ, ഞാന്‍ എവിടെ നിന്നാണ് വരുന്നതെന്നോ, ഞാന്‍ എങ്ങനെ കാണപ്പെടുന്നു എന്നോ, എങ്ങനെ സംസാരിക്കുന്നു എന്നതോ കാരണമല്ല, ഞാന്‍ എന്തിനുവേണ്ടിയാണ് പോരാടുന്നത് എന്നതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ഞാന്‍ അധ്വാനിക്കുന്ന ജനങ്ങള്‍ക്കുവേണ്ടിയാണ് പോരാടുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Donald Trump is attacking me because he is desperate to distract from his war on working people. We must and we will fight back. pic.twitter.com/pKEwnijJaG
— Zohran Kwame Mamdani (@ZohranKMamdani) July 2, 2025
കഴിഞ്ഞ ദിവസം ട്രംപ് സൊഹ്റാന്‍ മംദാനിയുടെ പൗരത്വത്തെ ചോദ്യം ചെയ്യുകയും ‘അറസ്റ്റ്’ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. മംദാനി ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളെ ധിക്കരിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്. സൊഹ്‌റാന്‍ ഒരു ‘കമ്മ്യൂണിസ്റ്റ്’ ആണെന്ന് ട്രംപ് ആവര്‍ത്തിച്ചു. ‘നോക്കൂ, ഈ രാജ്യത്ത് ഞങ്ങള്‍ക്ക് ഒരു കമ്മ്യൂണിസ്റ്റിന്റെ ആവശ്യമില്ല, പക്ഷേ നമുക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അദ്ദേഹത്തെ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കും,’ ട്രംപ് കൂട്ടിച്ചേര്‍ത്തു.
മംദാനിയുടെ പൗരത്വത്തിനെതിരെയും ട്രംപ് തെറ്റായ അവകാശവാദം ഉന്നയിച്ചു.
മംദാനി നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നുവെന്നാണ് ട്രംപിന്റെ തെറ്റായ അവകാശവാദം. ‘അദ്ദേഹം ഇവിടെ നിയമവിരുദ്ധമായി എത്തിയിട്ടുണ്ടെന്ന് ധാരാളം ആളുകള്‍ പറയുന്നുണ്ട്, ഞങ്ങള്‍ എല്ലാം പരിശോധിക്കാന്‍ പോകുന്നു. ആദര്‍ശപരമായി, അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റുകാരനേക്കാള്‍ വളരെ താഴാന്‍ പോകുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റാണ്. ഒരു സോഷ്യലിസ്റ്റ് അല്ല.’- ട്രംപ് അവകാശപ്പെട്ടു
ഉഗാണ്ടയില്‍ ജനിച്ച മംദാനി 7 വയസ്സുള്ളപ്പോള്‍ മുതല്‍ അമേരിക്കയില്‍ താമസിക്കുന്നു. 2018 ല്‍ ഒരു സ്വാഭാവിക പൗരനാകുകയും ചെയ്തു.









