
ജോര്‍ജിയ: ജോർജിയയിലെ ഹ്യുണ്ടായുടെ ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രത്തിൽ നടന്ന ഇമിഗ്രേഷൻ റെയ്ഡിനെ തുടർന്ന് തടഞ്ഞുവെക്കുകയും യുഎസ് വിടുകയും ചെയ്ത 300 സൗത്ത് കൊറിയൻ പൗരന്മാരിൽ ചിലർ ജോലി പുനരാരംഭിക്കാൻ അമേരിക്കയിലേക്ക് മടങ്ങിയെത്തിയതായി തൊഴിലുടമ അറിയിച്ചു. സാവന്നയ്ക്ക് സമീപമുള്ള ഈ നിർമ്മാണ കേന്ദ്രത്തിൽ കഴിഞ്ഞ വർഷമാണ് ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം ആരംഭിച്ചത്. സെപ്റ്റംബറിൽ നടന്ന റെയ്ഡ് കാരണം, അവിടെ നിർമ്മാണത്തിലിരുന്ന ബാറ്ററി പ്ലാൻ്റിലെ ജോലികൾ നിർത്തിവച്ചിരുന്നു.
തടഞ്ഞുവെച്ച 475 തൊഴിലാളികളിൽ ഭൂരിഭാഗവും സൗത്ത് കൊറിയൻ പൗരന്മാരായിരുന്നു. ഇവർ വിസ കാലാവധി കഴിഞ്ഞ ശേഷമാണ് യുഎസിൽ പ്രവേശിച്ചതെന്നോ അല്ലെങ്കിൽ ജോലി ചെയ്യാൻ അനുവാദമില്ലാത്ത വിസ ഇളവുകളോടെയാണ് എത്തിയതെന്നോ യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.
പുതിയ തൊഴിലാളികളും മടങ്ങിയെത്തിയ തൊഴിലാളികളും ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട് എന്ന് ബാറ്ററി പ്ലാന്‍റിന്‍റെ ഓപ്പറേറ്ററായ എച്ച്എൽ-ജിഎ ബാറ്ററി കോ. (HL-GA Battery Co.) വ്യാഴാഴ്ച ഒരു പ്രസ്താവനയിൽ അറിയിച്ചു. “സുഗമവും സമയബന്ധിതവുമായ തിരിച്ചുവരവിനെ പിന്തുണച്ചതിന്” യുഎസ്, സൗത്ത് കൊറിയൻ സർക്കാരുകൾക്കും ജോർജിയൻ ഉദ്യോഗസ്ഥർക്കും കമ്പനി നന്ദി അറിയിച്ചു. ദക്ഷിണ കൊറിയയിൽ നടത്തിയ സന്ദര്‍ശനത്തിൽ ട്രംപ് ഈ വിഷയം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു.
















