
വാഷിംഗ്ടൺ: വയോധികയായ അമ്മയെ കൊലപ്പെടുത്തി മകൻ ജീവനൊടുക്കിയ സംഭവത്തിൽ കുരുക്ക് വീണത് ചാറ്റ്ജിപിടിയെന്ന നിർമിതബുദ്ധി ചാറ്റ്ബോട്ടിന്റെ നിർമാതാക്കളായ ഓപ്പൺഎഐക്കും അവരുടെ ബിസിനസ് പങ്കാളിയായ മൈക്രോസോഫ്റ്റിനും. ഓപ്പൺഎഐ സിഇഒ സാം ഓൾട്മാൻ, കമ്പനിയിലെ നിക്ഷേപകരും ജീവനക്കാരുമായ 20 പേർ, മൈക്രോസോഫ്റ്റ് എന്നിവരെ പ്രതികളാക്കിയാണ് കേസ്. എഐ ചാറ്റ്ബോട്ടിന്റെ പേരിൽ മൈക്രോസോഫ്റ്റിനെതിരായ ആദ്യ കേസാണിത്.
ഓഗസ്റ്റിൽ കണറ്റിക്കട്ടിലെ ഗ്രീൻവിച്ചിലാണ് കേസിലേക്ക് നയിച്ച സംഭവമുണ്ടായത്. ടെക് വ്യവസായമേഖലയിലെ ജീവനക്കാരനായിരുന്ന 56കാരൻ സ്റ്റെയ്ൻ എറിക് സോൾബെർഗാണ് 83 വയസ്സുള്ള അമ്മ സുസെയ്ൻ ആഡംസിനെ മർദിച്ചുകൊന്ന് ആത്മഹത്യചെയ്തത്.
ചുറ്റുമുള്ളവരെല്ലാം ശത്രുക്കളാണെന്നും അമ്മ പലർവഴി, പലരീതിയിൽ സോൾബർഗിനെ നിരീക്ഷിക്കുകയാണെന്നും ചാറ്റ്ജിപിടി സോൾബെർഗിനോടു പറഞ്ഞിരുന്നതെന്ന് സുസെയ്ൻ ആഡംസിൻ്റെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു. ചാറ്റ്ജിപിടിയെ ഒഴികെ മറ്റാരെയും വിശ്വസിക്കരുതെന്നായിരുന്നു ചാറ്റ്ബോട്ടിൻ്റെ നിർദേശം . സോൾബെർഗിന് ദൈവികശക്തിയുണ്ടെന്നുകൂടി ചാറ്റ്ജിപിടി പറഞ്ഞതോടുകൂടി സംഗതി വഷളായി. 2024 മേയിൽ പുറത്തുവന്ന ജിപിടി-4ഒ എന്ന പതിപ്പണ് സോൾബെർഗ് ഉപയോഗിച്ചത്. ഇതുമായി അയാൾ പ്രണയത്തിലായെന്നും പരാതിയിലുണ്ട്. സോൾബെർഗിന്റെ മാനസികാരോഗ്യത്തിന് തകരാറുണ്ടെന്നും മാനസികാരോഗ്യവിദഗ്‌ധനെ കാണണമെന്നും ഒരിക്കൽപോലും ചാറ്റ്ജിപിടി മുന്നറിയിപ്പ് നൽകിയില്ലെന്നും പരാതിയിലുണ്ട്.
സുരക്ഷാ ആശങ്കകൾ വകവെക്കാതെ ചാറ്റ്ജിപിടിയുടെ നൂതനപതിപ്പ് പുറത്തിറക്കാൻ ഓപ്പൺഎഐ സിഇഒ സാം ഓൾട്‌മാൻ തിടുക്കം കാട്ടിയെന്നും, എല്ലാം അറിയാമായിരുന്നിട്ടും ഈ പതിപ്പിറക്കാൻ മൈക്രോസോഫ്റ്റ് അനുമതി നൽകി എന്നും പരാതിയിലുണ്ട്. മാത്രമല്ല, കൊലപാതകവുമായി ചാറ്റ്ബോട്ടിനെ ബന്ധപ്പെടുത്തുന്ന ആദ്യ കേസു കൂടിയാണിത്.
നഷ്ടപരിഹാരം നൽകണമെന്നും ചാറ്റ്ജിപിടിയെ കൂടുതൽ സുരക്ഷിതമാക്കാൻ ഓപ്പൺഎഐയോട് നിർദേശിക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം. കേസിന്റെ വിശദാംശങ്ങൾ അവലോകനം ചെയ്യുമെന്ന് ഓപ്പൺഎഐ വക്താവ് പറഞ്ഞു. മനുഷ്യരുടെ മാനസിക, വൈകാരികപ്രശ്‌നങ്ങൾ മനസ്സിലാക്കി അവയ്ക്ക് അയവുവരുത്തുംവിധം പ്രതികരിക്കാൻ ചാറ്റ്ജിപിടിയെ പരിശീലിപ്പിക്കുമെന്നും അറിയിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് മൈക്രോസോഫ്റ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
son killed his elderly mother and then took his own life, case against OpenAI, ChatGPT and Microsoft














