
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ ആഫ്രിക്കാനർ വിഭാഗക്കാരെ (വെള്ളക്കാർ) അഭയാർത്ഥികളായി അമേരിക്കയിലേക്ക് കൊണ്ടുപോകാനുള്ള ട്രംപ് ഭരണകൂടത്തി്‍റെ നീക്കങ്ങൾക്കിടെ, രണ്ട് യുഎസ് സർക്കാർ ഉദ്യോഗസ്ഥരെ ദക്ഷിണാഫ്രിക്കൻ അധികൃതർ തടഞ്ഞുവെച്ചു. അൽപ്പസമയത്തെ ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചുവെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഇതോടെ കൂടുതൽ വഷളായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരായ വംശജരെ അഭയാർത്ഥികളായി സ്വീകരിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ ദക്ഷിണാഫ്രിക്കൻ സർക്കാർ നേരത്തെ തന്നെ ശക്തമായി എതിർത്തിരുന്നു.
അഭയാർത്ഥി അപേക്ഷകൾ പരിഗണിക്കുന്ന കേന്ദ്രത്തിൽ നടന്ന പരിശോധനയ്ക്കിടെയാണ് അമേരിക്കൻ ഉദ്യോഗസ്ഥർ പിടിയിലായത്. അവിടെയുണ്ടായിരുന്ന കെനിയൻ പൗരന്മാരുടെ ഇമിഗ്രേഷൻ രേഖകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പരിശോധിക്കാനാണ് തങ്ങൾ എത്തിയതെന്ന് ദക്ഷിണാഫ്രിക്കൻ ആഭ്യന്തര വകുപ്പ് സിഎൻഎന്നിന് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. രേഖകളില്ലാത്ത തൊഴിലാളികളുമായി വിദേശ ഉദ്യോഗസ്ഥർ ചേർന്ന് പ്രവർത്തിക്കുന്നത് നയതന്ത്ര മര്യാദകളുടെ ലംഘനമാണെന്നും ഇത് അവരുടെ ഉദ്ദേശശുദ്ധിയെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും ദക്ഷിണാഫ്രിക്കൻ അധികൃതർ ചൂണ്ടിക്കാട്ടി.
ട്രംപ് ഭരണകൂടം ആഫ്രിക്കാനർ വിഭാഗത്തിന് നൽകുന്ന സവിശേഷമായ പരിഗണനയും അവരെ അഭയാർത്ഥികളായി അമേരിക്കയിൽ പ്രവേശിപ്പിക്കാനുള്ള ശ്രമങ്ങളും ദക്ഷിണാഫ്രിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക അനാവശ്യമായി ഇടപെടുന്നു എന്നാണ് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ നിലപാട്. ഈ സംഭവത്തോടെ അമേരിക്കൻ ഉദ്യോഗസ്ഥർ ദക്ഷിണാഫ്രിക്കയിൽ നേരിടുന്ന പ്രതിസന്ധികൾ വർദ്ധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ വാഷിംഗ്ടണിൽ നിന്നുള്ള ഔദ്യോഗിക പ്രതികരണം എന്തായിരിക്കുമെന്നാണ് നയതന്ത്ര ലോകം ഉറ്റുനോക്കുന്നത്.















