
വാഷിംഗ്ടണ്‍: പ്രതിവർഷം ഏകദേശം 1 ബില്യൺ ഡോളർ വിലമതിക്കുന്ന ദ്രവീകൃത പ്രകൃതിവാതകം (LNG) അമേരിക്കയിൽ നിന്ന് വാങ്ങാൻ പദ്ധതിയിടുന്നതായി ദക്ഷിണാഫ്രിക്ക. തെക്കൻ ആഫ്രിക്കൻ രാജ്യമായ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റ്, യുഎസ് പ്രസിഡന്‍റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരിച്ചത്. പ്രകൃതിവാതകം വാങ്ങാൻ സമ്മതിക്കുന്നതിന് പകരമായി, ദക്ഷിണാഫ്രിക്കയ്ക്ക് പ്രതിവർഷം 40,000 വാഹനങ്ങൾ അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുമ്പോൾ തീരുവ അടയ്‌ക്കേണ്ടി വരില്ലെന്ന് കാബിനറ്റ് മന്ത്രി ഖുംബുദ്‌സോ എൻഷാവേനി പറഞ്ഞു.
കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമാഫോസയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ നടന്ന സംഘർഷഭരിതമായ ചർച്ചകൾക്ക് ശേഷമാണ് ഈ നിർദ്ദേശങ്ങൾ വന്നത്. തകർന്നുകൊണ്ടിരിക്കുന്ന ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും ദക്ഷിണാഫ്രിക്കയുടെ തളർച്ച നേരിടുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമായ വ്യാപാരബന്ധങ്ങൾ സംരക്ഷിക്കാനും ഈ ചർച്ചകൾ ലക്ഷ്യമിട്ടിരുന്നു.
ഇതുവരെ അന്തിമരൂപം ലഭിക്കാത്ത ഒരു കരാറിന്‍റെ നിബന്ധനകൾ പൂര്‍ണമായും വ്യക്തമല്ല. ദക്ഷിണാഫ്രിക്ക 10 വർഷത്തേക്ക് അമേരിക്കയിൽ നിന്ന് എല്‍എൻജി ഇറക്കുമതി ചെയ്യുമെന്ന് എൻഷാവേനി രാജ്യത്തെ സൺഡേ ടൈംസ് പത്രത്തിൽ എഴുതി.