
സൗത്ത് കരോലിന: മയക്കുമരുന്ന് പിടിക്കാൻ പോയ പോലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കിടെ ബോധം കെട്ടുവീണു. ഒരു സ്ത്രീയുടെ കാർ പരിശോധിക്കുന്നതിനിടെയാണ് സംഭവം. പരിശോധനയ്ക്കിടെ ഫെന്റനൈൽ ശ്വസിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥ കുഴഞ്ഞുവീഴുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ സംഭവത്തിൻ്റെ വീഡിയോ ഏറെ വൈറലായി.
മുൻകാലങ്ങളിൽ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതിയായ സ്ത്രീ കാറിൽ മയങ്ങിക്കിടക്കുകയായിരുന്നു. അവരെ ഉണർത്തിയ പൊലീസുകാർ തുടർന്ന് കാർ പരിശോധിക്കുകയായിരുന്നു. അതിനിടയിലാണ് ഒരു പൊലീസ് ഉദ്യോഗസ്ഥ ബോധം കെട്ട് വീണത്. ഫെന്റനൈൽ ശ്വസിച്ച് തളർന്ന് വീണ ഇവരെ അടിയന്തര ചികിത്സ നൽകി രക്ഷപ്പെടുത്തുന്നതിൻ്റെ വീഡിയോ ബെർക്ക്‌ലി കൗണ്ടി ഷെരീഫ് ഓഫീസാണ് പുറത്തുവിട്ടത്.
പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്നും ഫെന്റനൈൽ എക്സ്പോഷറുമായി ബന്ധപ്പെട്ട് കൂടുതൽ കുറ്റങ്ങൾ പുനഃപരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. സംശയിക്കപ്പെടുന്ന മയക്കുമരുന്ന് കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ, ഈ മേഖലയിലെ ഡെപ്യൂട്ടികൾക്കുള്ള പരിശീലനത്തിനും സുരക്ഷാ പ്രോട്ടോക്കോളുകൾക്കും മുൻഗണന നൽകുന്നത് തുടരുമെന്ന് ഷെരീഫ് ഓഫീസ് പറഞ്ഞു.