
വാഷിംഗ്ടൺ: യുഎസ്, ദക്ഷിണ കൊറിയൻ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, കൊറിയൻ എയർ, ഹ്യൂണ്ടായ് ഉൾപ്പെടെയുള്ള ദക്ഷിണ കൊറിയൻ വൻകിട കമ്പനികൾ യുഎസിൽ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. ബോയിംഗിൽ നിന്നും മറ്റുമുള്ള വിമാനങ്ങളും എൻജിനുകളും വാങ്ങുന്നതിനായി 50 ബില്യൺ ഡോളർ ചെലവഴിക്കാനുള്ള പദ്ധതിയുൾപ്പെടെ, കുറഞ്ഞത് നാല് കൊറിയൻ കമ്പനികളെങ്കിലും കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയൻ ബിസിനസ് സ്ഥാപനങ്ങൾ യുഎസിൽ 150 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് പ്രസിഡന്റ് ലീ ജേ മ്യൂങ്ങിന്റെ ഓഫീസ് അറിയിച്ചു. കൊറിയൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തുന്നതിൽ നിന്ന് രക്ഷനേടാൻ അവസാന നിമിഷം യുഎസുമായി താരിഫ് കരാറുണ്ടാക്കിയതിന് പിന്നാലെയാണ് ലീ, പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയത്.
അന്ന് ഇരു രാജ്യങ്ങളും തമ്മിൽ കൊറിയൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം താരിഫ് ഏർപ്പെടുത്താനും, കപ്പൽ നിർമ്മാണം, സെമികണ്ടക്ടറുകൾ, ബാറ്ററി, ഊർജ്ജം തുടങ്ങിയ മേഖലകളിൽ യുഎസിൽ 350 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനും ധാരണയായിരുന്നു. എന്നാൽ, ഈ ആഴ്ച പ്രഖ്യാപിച്ച 150 ബില്യൺ ഡോളറിന്റെ പദ്ധതികൾ ഈ 350 ബില്യൺ ഡോളറിന്റെ ഭാഗമാണോ എന്ന് വ്യക്തമല്ല.