
ലോസ് ഏഞ്ചല്‍സ് : പറക്കുന്നതിനിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കാതിരിക്കാന്‍ സൗത്ത് വെസ്റ്റ് വിമാനം 500 അടിയിലേക്ക് താഴ്ത്തിയതായും രണ്ട് വിമാന ജീവനക്കാര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. വെള്ളിയാഴ്ച കാലിഫോര്‍ണിയയിലെ ഹോളിവുഡ് ബര്‍ബാങ്ക് വിമാനത്താവളത്തില്‍ നിന്ന് ലാസ് വെഗാസിലേക്കുള്ള ഫ്‌ലൈറ്റ് 1496 ആണ് വേഗത്തിലുള്ള നീക്കംകൊണ്ട് വന്‍ അപകടമൊഴിവാക്കിയത്.
പൈലറ്റ് അതിവേഗം ഉയരം കുറച്ചപ്പോള്‍ യാത്രക്കാര്‍ സീറ്റുകളില്‍ നിന്ന് ഉയര്‍ന്നുവെന്നും ഇങ്ങനെയാണ് രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റതെന്നുമാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) പറഞ്ഞു.
കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പൈലറ്റുമാര്‍ നടപടി സ്വീകരിച്ചതായി എയര്‍ലൈനും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് സൗത്ത് വെസ്റ്റ് ബോയിംഗ് 737 വിമാനം ലാസ് വെഗാസിലേക്ക് യാത്ര തുടര്‍ന്നു, അവിടെ അത് യാതൊരു തടസ്സവുമില്ലാതെ ലാന്‍ഡ് ചെയ്യുകയും ചെയ്തു.
ഒരാഴ്ചയ്ക്കുള്ളില്‍ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞദിവസം നോര്‍ത്ത് ഡക്കോട്ടയ്ക്ക് സമീപം ലാന്‍ഡിംഗിന് തൊട്ടുമുമ്പ് യുഎസ് വ്യോമസേനയുടെ ബോംബറുമായി കൂട്ടിയിടിക്കാതിരിക്കാന്‍, മിനിയാപൊളിസില്‍ നിന്ന് ഡെല്‍റ്റ കണക്ഷന്‍ വിമാനമായി സര്‍വീസ് നടത്തുന്ന സ്‌കൈവെസ്റ്റ് എയര്‍ലൈന്‍സ് ജെറ്റ് ഒഴിഞ്ഞുമാറിയിരുന്നു.