ഇരയായവരിൽ അമേരിക്കക്കാരും, 2,500-ൽ അധികം സ്റ്റാർലിങ്ക് ഉപകരണങ്ങൾ പ്രവർത്തനരഹിതമാക്കി സ്പേസ് എക്സ്; മ്യാൻമാറിലെ തട്ടിപ്പ് കേന്ദ്രങ്ങളിൽ നടപടി

സാൻ ഫ്രാൻസിസ്കോ: മ്യാൻമറിലെ നിയമവാഴ്ചയില്ലാത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പ് സംഘങ്ങൾ ഉപയോഗിച്ചിരുന്ന 2,500-ൽ അധികം സ്റ്റാർലിങ്ക് ഉപകരണങ്ങൾ പ്രവർത്തനരഹിതമാക്കിയതായി ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനി ബുധനാഴ്ച അറിയിച്ചു. ഈ വർഷം മ്യാൻമറും തായ്‌ലൻഡും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങൾക്കെതിരെ അധികൃതർ വ്യാപകമായി നടപടി സ്വീകരിച്ചിരുന്നുവെങ്കിലും, ആഭ്യന്തരയുദ്ധം ബാധിച്ച രാജ്യത്ത് തട്ടിപ്പ് ശൃംഖലകൾ പെരുകുന്നത് തുടർന്നിരുന്നു.

സ്റ്റാർലിങ്ക് പ്രവർത്തിക്കുന്ന എല്ലാ വിപണികളിലും നിയമലംഘനങ്ങൾ കണ്ടെത്താൻ കമ്പനി ശ്രമിക്കുന്നുണ്ടെന്ന് സ്പേസ് എക്സ് വ്യക്തമാക്കി. “നിയമലംഘനം കണ്ടെത്തുന്ന അപൂർവ സന്ദർഭങ്ങളിൽ, ലോകമെമ്പാടുമുള്ള നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ച് ഞങ്ങൾ ഉചിതമായ നടപടി സ്വീകരിക്കാറുണ്ട്,” സ്റ്റാർലിങ്കിന്റെ ബിസിനസ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ലോറൻ ഡ്രേയർ ‘എക്‌സി’ൽ കുറിച്ചു. “ഉദാഹരണത്തിന്, മ്യാൻമറിൽ സംശയാസ്പദമായ ‘തട്ടിപ്പ് കേന്ദ്രങ്ങൾക്ക്’ സമീപമുള്ള 2,500-ൽ അധികം സ്റ്റാർലിങ്ക് കിറ്റുകൾ സ്പേസ് എക്സ് മുൻകൈയെടുത്ത് തിരിച്ചറിഞ്ഞ് പ്രവർത്തനരഹിതമാക്കി,” അവർ കൂട്ടിച്ചേർത്തു.

ഈ ഉപകരണങ്ങൾ എപ്പോഴാണ് പ്രവർത്തനരഹിതമാക്കിയത് എന്നതിനെക്കുറിച്ച് ഡ്രേയർ തീയതി നൽകിയില്ല. എന്നാൽ, ഈ ആഴ്ച നടന്ന റെയ്ഡിൽ ഒരു തട്ടിപ്പ് കേന്ദ്രത്തിൽ നിന്ന് 30 സെറ്റ് സ്റ്റാർലിങ്ക് “റിസീവറുകളും അനുബന്ധ ഉപകരണങ്ങളും” കണ്ടെത്തിയതായി മ്യാൻമർ സൈനിക ഭരണകൂടം അറിയിച്ചതിന് പിന്നാലെയാണ് സ്പേസ് എക്സിന്റെ പ്രഖ്യാപനം. ഓസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, മ്യാൻമർ-തായ് അതിർത്തിയിലായി ഏകദേശം 30 വലിയ, തട്ടിപ്പ് കേന്ദ്രങ്ങൾ വ്യാപിച്ചുകിടക്കുന്നുണ്ട്. അമേരിക്കക്കാർ ഉൾപ്പെടെയുള്ള ഇരകളിൽ നിന്ന് ഓരോ വർഷവും കോടിക്കണക്കിന് ഡോളറാണ് ഈ കേന്ദ്രങ്ങൾ തട്ടിയെടുക്കുന്നത്.

More Stories from this section

family-dental
witywide