
ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് പ്രോഗ്രാമിന് വീണ്ടും തിരിച്ചടി. ചൊവ്വാഴ്ച നടന്ന പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടു. ബഹിരാകാശ പേടകം നിയന്ത്രണം വിട്ട് ചിന്നിച്ചിതറി. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ബഹിരാകാശ ദൗത്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത വാഹനം മോക് സാറ്റലൈറ്റുകള്‍ പുറത്തിറക്കുന്നതും ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുമ്പോള്‍ അതിന്റെ താപകവചം പരിശോധിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രധാന നാഴികക്കല്ലുകള്‍ ഈ പരീക്ഷണത്തില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
തെക്കന്‍ ടെക്‌സാസിലെ സ്റ്റാര്‍ബേസില്‍ നിന്നായിരുന്നു ഒന്‍പതാമത്തെ വിക്ഷേപണം. എന്നാല്‍, തൊട്ടുപിന്നാലെ പ്രശ്‌നങ്ങള്‍ നേരിട്ടുതുടങ്ങി. ഡോര്‍ തകരാറിലായതിനാല്‍ മോക് സാറ്റലൈറ്റ് വിക്ഷേപിക്കാന്‍ കഴിഞ്ഞില്ല.
പേലോഡ് ഡോര്‍ പൂര്‍ണമായി തുറക്കാന്‍ സാധിക്കാതെ വന്നതായിരുന്നു ആദ്യത്തെ പ്രശ്‌നം. ഇതോടെ എട്ട് മോക് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ പുറത്തിറക്കാനായില്ല. അതിനിടെ, ബഹിരാകാശ പേടകം നിയന്ത്രണം നഷ്ടപ്പെട്ട് കറങ്ങാന്‍ തുടങ്ങി.
തത്സമയ സംപ്രേക്ഷണത്തിനിടെ സ്‌പേസ്എക്‌സ് കമന്റേറ്റര്‍ തന്നെ ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കി. ചിന്നിച്ചിതറുന്നതിന് മുമ്പ് നിയന്ത്രണവും ആശയവിനിമയവും നഷ്ടപ്പെട്ടു. അത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പകരം അത് ചിന്നിച്ചിതറി.
SpaceX’s Starship test launch fails again