
വാഷിംഗ്ടൺ: റഷ്യൻ എണ്ണ ശുദ്ധീകരിക്കുന്നതിന് ചൈനക്ക് ഉപരോധമേർപ്പെടുത്തിയാൽ ആഗോള ഊർജ്ജ വില ഉയരുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. അതേസമയം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിൻ്റെ പേരിൽ യുഎസ് ഇന്ത്യക്കെതിരെ യുഎസ് അധിക താരിഫ് ചുമത്തുകയും ചെയ്തിരുന്നു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് റൂബിയോ ഇക്കാര്യം പറഞ്ഞത്. ചൈനീസ് എണ്ണ ശുദ്ധീകരണശാലകളെ ലക്ഷ്യമിടുന്നത് ആഗോള എണ്ണ വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“നിങ്ങൾ ഒരു രാജ്യത്തിന്, ഉദാഹരണത്തിന് ചൈനക്ക് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിൻ്റെ പേരിൽ ഉപരോധം ഏർപ്പെടുത്തിയാൽ, അവർ ആ എണ്ണ ശുദ്ധീകരിക്കുകയും അത് ആഗോള വിപണിയിലേക്ക് തിരികെ എത്തുകയും ചെയ്യും. ഈ എണ്ണ വാങ്ങുന്ന ആർക്കും ഉയർന്ന വില നൽകേണ്ടിവരും, അല്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടിവരും,” അദ്ദേഹം വ്യക്തമാക്കി.
അത്തരത്തിലുള്ള നടപടികളിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് ആശങ്കയുണ്ടെന്ന് റൂബിയോ വെളിപ്പെടുത്തി. “ചൈനയ്ക്കും ഇന്ത്യയ്ക്കും 100 ശതമാനം താരിഫ് ഏർപ്പെടുത്താൻ നിർദ്ദേശിക്കുന്ന ഒരു സെനറ്റ് ബില്ലിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തപ്പോൾ, നിരവധി യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ അതൃപ്തി അറിയിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് വാഷിംഗ്ടണിലെ ഒരു പ്രശ്നവിഷയമാണ് എന്ന് റൂബിയോ നേരത്തെ ഫോക്സ് റേഡിയോയോട് പറഞ്ഞിരുന്നു. റഷ്യൻ എണ്ണയുടെ ഇന്ത്യയുടെ തുടർച്ചയായ വാങ്ങൽ “യുക്രെയ്നിലെ റഷ്യൻ യുദ്ധശ്രമങ്ങളെ നിലനിർത്താൻ സഹായിക്കുന്നു” എന്നും ഇത് ന്യൂഡൽഹിയും യുഎസും തമ്മിലുള്ള ബന്ധത്തിൽ തീർച്ചയായും അലോസരപ്പെടുത്തുന്ന ഒരു കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.