
വാഷിംഗ്ടൺ: കോവിഡ് കാലത്ത് നടപ്പിലാക്കിയ ‘ഒബാമകെയർ’ അധിക സബ്‌സിഡികളുടെ കാലാവധി അവസാനിക്കാനിരിക്കെ, യുഎസ് പ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. സബ്‌സിഡികൾ നിർത്തലാക്കാനുള്ള സ്പീക്കർ മൈക്ക് ജോൺസന്‍റെ നീക്കത്തിനെതിരെ പാർട്ടിക്കുള്ളിലെ മിതവാദികൾ രംഗത്തുവന്നതാണ് പ്രതിസന്ധിക്ക് കാരണം. ഈ സബ്‌സിഡികൾ അവസാനിക്കുന്നത് 2026-ഓടെ ഏകദേശം 2.2 കോടി അമേരിക്കക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം തുക കുത്തനെ വർദ്ധിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.
സ്പീക്കർ മൈക്ക് ജോൺസനും മറ്റ് മുതിർന്ന നേതാക്കളും സബ്‌സിഡി നീട്ടിനൽകേണ്ടതില്ല എന്ന നിലപാടിലാണ്. പരാജയപ്പെട്ട ഒരു വ്യവസ്ഥയെ താങ്ങിനിർത്താൻ ഫെഡറൽ ഫണ്ട് ഉപയോഗിക്കുന്നത് നിർത്തണമെന്നും, പകരം ഹെൽത്ത് സേവിംഗ്സ് അക്കൗണ്ടുകൾ പോലുള്ള ബദലുകൾ കൊണ്ടുവരണമെന്നും ഇവർ വാദിക്കുന്നു. പെൻസിൽവേനിയയിൽ നിന്നുള്ള ബ്രയാൻ ഫിറ്റ്‌സ്‌പാട്രിക്, വിർജീനിയയിൽ നിന്നുള്ള ജെൻ കിഗ്ഗൻസ് എന്നിവരുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ മിതവാദികൾ ഈ നീക്കത്തെ എതിർക്കുന്നു. സബ്‌സിഡി നിർത്തലാക്കുന്നത് ജനങ്ങളെ സാമ്പത്തികമായി തകർക്കുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്കിത് തിരിച്ചടിയാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
സഭാനേതൃത്വത്തിന്റെ അനുമതിയില്ലാതെ തന്നെ സബ്‌സിഡി നീട്ടിനൽകുന്നതിനുള്ള ബിൽ വോട്ടിംഗിന് കൊണ്ടുവരാൻ മിതവാദികൾ ശ്രമിക്കുന്നു. ഇതിനായി ഡെമോക്രാറ്റുകളുമായി ചേർന്ന് ‘ഡിസ്ചാർജ് പെറ്റീഷൻ’ നീക്കങ്ങൾ സജീവമാണ്. സെനറ്റിൽ സമാനമായ ഒരു ബിൽ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. എങ്കിലും നാല് റിപ്പബ്ലിക്കൻ സെനറ്റർമാർ ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന് സബ്‌സിഡി നീട്ടുന്നതിനെ പിന്തുണച്ചത് ശ്രദ്ധേയമാണ്.
പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇക്കാര്യത്തിൽ വഴക്കമുള്ള നിലപാട് സ്വീകരിക്കാമെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, ഒബാമകെയറിനോടുള്ള അദ്ദേഹത്തിന്റെ കടുത്ത എതിർപ്പ് നിലനിൽക്കുന്നു. ഇൻഷുറൻസ് കമ്പനികൾക്ക് പണം നൽകുന്നതിന് പകരം നേരിട്ട് ജനങ്ങൾക്ക് സഹായം നൽകണമെന്നാണ് ട്രംപിന്റെ കാഴ്ചപ്പാട്. സബ്‌സിഡി അവസാനിച്ചാൽ, ഇൻഷുറൻസ് പ്രീമിയം തുകയിൽ ശരാശരി 1,000 ഡോളർ മുതൽ 2,500 ഡോളർ വരെ വാർഷിക വർദ്ധനവ് ഉണ്ടായേക്കാം. ഇത് പലർക്കും ആരോഗ്യ ഇൻഷുറൻസ് ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാക്കും.
ഡിസംബർ 31-നകം കോൺഗ്രസ് ഇതിൽ ഒരു തീരുമാനമെടുത്തില്ലെങ്കിൽ, 2026-ൽ വലിയൊരു ‘ഹെൽത്ത് കെയർ പ്രതിസന്ധി’യിലേക്ക് രാജ്യം നീങ്ങുമെന്നാണ് വിദഗ്ധർ ഭയപ്പെടുന്നത്.














