
കാലിഫോർണിയ: ചൂടുള്ള പാനീയം ഡെലിവറി ചെയ്യുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഡെലിവറി പാർട്ണർക്ക് 50 ദശലക്ഷം ഡോളർ നഷ്ടപരിഹാരം സ്റ്റാര്‍ബക്സ് നല്‍കണമെന്ന് വിധി. കാലിഫോർണിയ കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചിട്ടുള്ളത്. 2020ലാണ് സംഭവം. ലോസ് ഏഞ്ചൽസിലെ സ്റ്റാർബക്സിൽ ഓർഡർ ലഭിച്ച പാനീയവുമായി പോകുന്നതിനിടയിലാണ് ഡെലിവറി ജീ വനക്കാരമായ മൈക്കേൽ ഗാർഷ്യക്ക് പരിക്കേറ്റത്.
ചൂടു പാനീയം തന്റെ മടിയിൽ തെറിച്ചു വീണതിനെ തുടർന്ന് നാഡീക്ഷതം ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് മൈക്കേലിന് നേരിടേണ്ടി വന്നത്. കോടതിയിൽ ഫയൽ ചെയ്ത കേസിൽ സുരക്ഷാ മാനദണ്ഡങ്ങൾ സ്റ്റാർബക്സ് ലംഘിച്ചുവെന്നായിരുന്നു ആരോപണം. “മൂന്ന് പാനീയങ്ങളാണ് ഡെലിവറിക്കായി കൊണ്ടു പോയത്. അതിൽ നല്ല ചൂടുള്ള പാനീയത്തിന്റെ മൂടി നന്നായി അടച്ചിരുന്നില്ല. ഇത് മൂലം അത് തുറന്ന് തന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.” മൈക്കേൽ പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകാനാണ് സ്റ്റാര്‍ബക്സിന്‍റെ തീരുമാനം.










