
വാഷിംഗ്ടൺ/പാരിസ്: യൂറോപ്പിലെ ഡിജിറ്റൽ നിയമങ്ങളുടെയും വ്യാജവാർത്താ പ്രതിരോധ പ്രവർത്തനങ്ങളുടെയും പേരിൽ മുൻ യൂറോപ്യൻ യൂണിയൻ കമ്മീഷണർക്കും മറ്റ് നാല് പ്രമുഖർക്കും വിസ വിലക്ക് ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. അമേരിക്കൻ പൗരന്മാരുടെയും കമ്പനികളുടെയും അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് ഈ അസാധാരണ നടപടി. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ചൊവ്വാഴ്ചയാണ് ഈ ഉപരോധം പ്രഖ്യാപിച്ചത്. ഇത് ട്രാൻസ്-അറ്റ്‌ലാന്റിക് ബന്ധങ്ങളിൽ വലിയ വിള്ളലുണ്ടാക്കിയിരിക്കുകയാണ്.
അമേരിക്കൻ അണ്ടർ സെക്രട്ടറി സാറ റോജേഴ്സ് എക്സിലൂടെ പുറത്തുവിട്ട പട്ടികയിൽ താഴെ പറയുന്നവരാണുള്ളത്:
തിയറി ബ്രെട്ടൺ: മുൻ യൂറോപ്യൻ യൂണിയൻ കമ്മീഷണർ. യൂറോപ്പിലെ ‘ഡിജിറ്റൽ സർവീസസ് ആക്ട്’ എന്ന നിയമത്തിന്റെ മുഖ്യ ശില്പിയായി ഇദ്ദേഹത്തെ അമേരിക്ക വിശേഷിപ്പിക്കുന്നു. ഇലോൺ മസ്കിന്റെ ‘എക്സ്’ പ്ലാറ്റ്‌ഫോമിനെതിരെ മുൻപ് ഇദ്ദേഹം എടുത്ത നിലപാടുകൾ ശ്രദ്ധേയമായിരുന്നു.
ഇമ്രാൻ അഹമ്മദ്: സെന്റർ ഫോർ കൗണ്ടറിംഗ് ഡിജിറ്റൽ ഹേറ്റ് എന്ന സംഘടനയുടെ സിഇഒ
ക്ലെയർ മെൽഫോർഡ്: ഗ്ലോബൽ ഡിസിൻഫോർമേഷൻ ഇൻഡക്സ് സ്ഥാപക.
അന്ന-ലീന വോൺ ഹോഡൻബെർഗ്: ജർമ്മൻ എൻജിഒ ആയ ‘ഹേറ്റ് എയ്ഡ്’ ഭാരവാഹി.
ജോസഫിൻ ബാലൺ: ‘ഹേറ്റ് എയ്ഡ്’ ഭാരവാഹി.
യൂറോപ്യൻ നിയമങ്ങളുടെയും എൻജിഒകളുടെയും മറവിൽ അമേരിക്കൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ സെൻസർഷിപ്പിന് നിർബന്ധിക്കുന്നു എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. “തീവ്രവാദികളായ ആക്ടിവിസ്റ്റുകളും ആയുധമാക്കപ്പെട്ട എൻജിഒകളും ചേർന്ന് അമേരിക്കൻ കാഴ്ചപ്പാടുകളെ അടിച്ചമർത്താൻ സംഘടിത ശ്രമം നടത്തുന്നു,” എന്ന് മാർക്കോ റൂബിയോ പ്രസ്താവനയിൽ പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണത്തെ ‘ആഗോള സെൻസർഷിപ്പ് ഇൻഡസ്ട്രിയൽ കോംപ്ലക്സ്’ എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്.
അമേരിക്കയുടെ ഈ നീക്കത്തിനെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രൂക്ഷമായി പ്രതികരിച്ചു. ഇത് “ഭീഷണിയും നിർബന്ധിതമായി കാര്യം നേടിയെടുക്കാനുള്ള ശ്രമവുമാണെന്നും” യൂറോപ്പിന്റെ ഡിജിറ്റൽ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്ത് പാസാക്കിയ നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നവരെ വ്യക്തിപരമായി ലക്ഷ്യം വെക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യൻ കമ്മീഷനും വ്യക്തമാക്കി.














