
ലോസ് ഏഞ്ചല്‍സ് : നടന്നുകൊണ്ടിരിക്കുന്ന ഫെഡറല്‍ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്ക് മറുപടിയായി ലോസ് ഏഞ്ചല്‍സ് കൗണ്ടി ഉദ്യോഗസ്ഥര്‍ ഒരു പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൗണ്ടി സൂപ്പര്‍വൈസര്‍മാരായ ലിന്‍ഡ്സി പി. ഹോര്‍വാത്തും ജാനിസ് ഹാനുമാണ് ഈ പ്രഖ്യാപനം അവതരിപ്പിച്ചത്. ചൊവ്വാഴ്ച 4-1 വോട്ടിനാണ് പ്രഖ്യാപനം അംഗീകരിച്ചത്. സൂപ്പര്‍വൈസര്‍ കാതറിന്‍ ബാര്‍ഗര്‍ മാത്രമാണ് നടപടിക്കെതിരെ വോട്ട് ചെയ്തതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ റെയ്ഡുകള്‍വഴി ദുരിതം അനുഭവിക്കുന്നവര്‍ക്ക് നിയമ സഹായവും വാടക സഹായവും ഉള്‍പ്പെടെയുള്ള അടിയന്തര സഹായങ്ങള്‍ നല്‍കാനുള്ള അധികാരം കൗണ്ടിക്ക് ലഭിക്കും. കൂടാതെ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളില്‍ നിന്നും സഹായം അഭ്യര്‍ത്ഥിക്കാനും വിഭവങ്ങള്‍ സമാഹരിക്കാനും ഇത് അധികാരം നല്‍കുന്നു.
ലോസ് ഏഞ്ചല്‍സ് കൗണ്ടിയില്‍ 3 ദശലക്ഷത്തിലധികം കുടിയേറ്റക്കാരുണ്ടെന്ന് സൂപ്പര്‍വൈസര്‍മാര്‍ പറയുന്നു. ഐസിഇ റെയ്ഡുകള്‍ ‘വ്യാപകമായ ഭയത്തിന് കാരണമായി’ എന്നും ‘ജോലിസ്ഥലങ്ങളിലെ ഹാജര്‍ കുറയുന്നതിനും പ്രാദേശിക സമ്പദ്വ്യവസ്ഥയെ തടസ്സപ്പെടുത്തുന്നതിനും സ്‌കൂളുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ നിര്‍ണായക സേവനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനും’ കാരണമായെന്നും അവര്‍ കുറ്റപ്പെടുത്തി.
‘നമ്മുടെ കമ്മ്യൂണിറ്റികളില്‍ സംഭവിക്കുന്നത് ഒരു അടിയന്തരാവസ്ഥയാണ് – ലോസ് ഏഞ്ചല്‍സ് കൗണ്ടി അതിനെ അങ്ങനെ തന്നെ പരിഗണിക്കുന്നു,’ ഹോര്‍വാത്ത് ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. ‘ഒരു പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്, ഫെഡറല്‍ നടപടികളാല്‍ ലക്ഷ്യമിടുന്ന നമ്മുടെ കുടിയേറ്റ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിന് കൗണ്ടി സര്‍ക്കാരിന്റെ മുഴുവന്‍ സേവനവും വിന്യസിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നു.’- അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ ലോസ് ഏഞ്ചല്‍സ് കൗണ്ടിയില്‍ ഐസിഇ റെയ്ഡുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തില്‍ മാത്രം അയ്യായിരത്തിലധികം അറസ്റ്റുകള്‍ നടന്നു.
State of emergency declared in Los Angeles County amid immigration raids