
വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡിസിയിലെ പോലീസ് സംവിധാനം ഫെഡറൽ ഭരണത്തിൻ്റെ കീഴിലാക്കാനും കുറ്റകൃത്യങ്ങളും ഭവനരഹിതരും കൂടുതലുള്ള സ്ഥലങ്ങളിൽ ഫെഡറൽ നിയമ നിർവ്വഹണം ശക്തിപ്പെടുത്താനുമുള്ള ട്രംപ് ഭരണകൂടത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങൾ തങ്ങളുടെ നാഷണൽ ഗാർഡ് അംഗങ്ങളെ രാജ്യതലസ്ഥാനത്തേക്ക് അയച്ചു. വെസ്റ്റ് വിർജീനിയ 300 മുതൽ 400 വരെ ഗാർഡ് സൈനികരെ അയക്കുമെന്ന് അറിയിച്ചു. സൗത്ത് കരോലിന 200 സൈനികരെയും ഒഹായോ 150 സൈനികരെയും അയക്കുമെന്ന് പ്രഖ്യാപിച്ചു.
ഡോണൾഡ് ട്രംപ് പുറത്തിറക്കിയ ഉത്തരവിലൂടെ പ്രാദേശിക പോലീസ് സേനയെ ഫെഡറൽ നിയന്ത്രണത്തിലാക്കുകയും ഏകദേശം 800 ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ നാഷണൽ ഗാർഡ് അംഗങ്ങളെ വിന്യസിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ സൈനികരെ വിന്യസിക്കാനുള്ള നീക്കം. പുറത്ത് നിന്നുള്ള സൈനികരെ വിന്യസിച്ച് ട്രംപ് നഗരത്തിന് മേൽ കൂടുതൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുകയാണ്. കുറ്റകൃത്യങ്ങൾക്കും ഭവനരഹിതർക്കുമുള്ള അടിയന്തര പ്രതികരണമെന്നാണ് പ്രസിഡൻ്റ് ഈ നീക്കത്തെ ന്യായീകരിച്ചത്. എന്നാൽ, ട്രംപിൻ്റെ ആദ്യ ഭരണകാലഘട്ടത്തേക്കാൾ അക്രമസംഭവങ്ങൾ ഇപ്പോൾ കുറവാണെന്ന് നഗരത്തിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.















