
വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് ഇന്ത്യന്‍ നിര്‍മ്മിത ഐഫോണുകളെന്ന് കണക്കുകൾ. 2025ന്‍റെ ആദ്യ മൂന്ന് മാസം അമേരിക്കയില്‍ വിറ്റ 50 ശതമാനത്തിലധികം ഐഫോണുകള്‍ ഇന്ത്യയിൽ നിര്‍മ്മിച്ചവയാണ്. 2025 ജൂണ്‍ വരെയുള്ള ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ അമേരിക്കയില്‍ വിറ്റഴിയാന്‍ പോകുന്ന ഐഫോണുകളിലധികവും ഇന്ത്യയില്‍ നിര്‍മ്മിച്ചവ തന്നെ ആയിരിക്കുമെന്നും ആപ്പിള്‍ സിഇഒ ടീം കുക്ക് വ്യക്തമാക്കി. ആപ്പിളിന്‍റെ ആഗോള നിര്‍മ്മാണ നീക്കങ്ങള്‍ ഇന്ത്യയ്ക്ക് കൂടുതല്‍ അനുകൂലമാകുന്നു എന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
അതേസമയം യുഎസില്‍ വില്‍ക്കപ്പെടുന്ന ഐപാഡ്, ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ് എന്നിവയുടെ നിര്‍മ്മാണം വിയറ്റ്‌നാം കേന്ദ്രീകരിച്ചായിരിക്കും. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പുത്തന്‍ തീരുവ നയത്തിന് പിന്നാലെ ആപ്പിള്‍ കമ്പനി ചൈനയില്‍ നിന്ന് ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം കൂടുതലായി ഇന്ത്യയിലേക്ക് മാറ്റാന്‍ ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അധികാരമേറ്റതിന് പിന്നാലെ ചൈനീസ് ഇറക്കുമതിക്ക് ട്രംപ് തീരുവ കുത്തനെ കൂട്ടിയിരുന്നു.