
ന്യൂയോർക്ക്: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നതിന് ചൈന ഇരട്ട-ഉപയോഗ സാധനങ്ങൾ (dual-use goods) കയറ്റി അയക്കുന്നുവെന്ന് അമേരിക്ക ആരോപണം. വെള്ളിയാഴ്ച നടന്ന ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗത്തിൽ അമേരിക്കയും ചൈനയും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നു. ചൈന ഈ ആരോപണങ്ങൾ നിഷേധിക്കുകയും ഏറ്റുമുട്ടലിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. യുഎന്നിലെ യുഎസിന്റെ ആക്ടിംഗ് അംബാസഡർ ഡൊറോത്തി ഷിയ ആണ് ചൈനക്കെതിരെ രംഗത്ത് വന്നത്.
റഷ്യയുടെ സൈനിക ശേഷിക്ക് സഹായകമാകുന്ന കയറ്റുമതി, പ്രത്യേകിച്ച് യുക്രെയ്നെതിരെ ഉപയോഗിക്കുന്ന ഡ്രോണുകളിലും മിസൈലുകളിലും കാണുന്ന ഘടകങ്ങൾ നിർത്താൻ രാജ്യങ്ങളോട്, പ്രത്യേകിച്ച് ചൈനയോട് അവർ ആവശ്യപ്പെട്ടു. “ഇരട്ട-ഉപയോഗ സാധനങ്ങളിൽ ശക്തമായ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന ബീജിംഗിന്‍റെ വാദം, റഷ്യ യുക്രെയ്നെതിരെ ഉപയോഗിക്കുന്ന ഡ്രോണുകളിലും ആയുധങ്ങളിലും വാഹനങ്ങളിലും ചൈനീസ് നിർമ്മിത ഘടകങ്ങൾ ദിവസവും കണ്ടെത്തുന്നതിലൂടെ തകരുകയാണെന്ന് 15 അംഗ രക്ഷാസമിതിയിൽ ഷിയ പറഞ്ഞു.
ഇത്തരം സാധനങ്ങൾ റഷ്യയിലേക്ക് എത്തുന്നത് മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ സഹായിക്കുമെന്നും സംഘർഷം തടയാനുള്ള ആഗോള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി. “സമാധാനത്തിന് ആത്മാർത്ഥമായി ആഹ്വാനം ചെയ്യുകയാണെങ്കിൽ, ചൈന റഷ്യയുടെ ആക്രമണത്തിന് ഇന്ധനം പകരുന്നത് നിർത്തണം,” ഷിയ കൂട്ടിച്ചേർത്തു.