
പാലക്കാട്: സ്ത്രീകളോടുള്ള അനുചിത പെരുമാറ്റത്തിന്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള നടപടി ഐക്യകണ്ഠേനയാണ് സ്വീകരിച്ചതെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. രാഹുലിനെതിരെയുള്ള ആരോപണങ്ങളെ പാർട്ടി ഗൗരവകരമായാണ് കാണുന്നത്. ആരോപണങ്ങൾ വന്ന ഘട്ടത്തിൽ തന്നെ പരിശോധിച്ചിരുന്നു. രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളെ തുടർന്ന് കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ആശയ വിനിമയം നടത്തിയിരുന്നു. കൂടിയാലോചനകൾക്ക് ശേഷമാണ് രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കോൺഗ്രസ് പാർട്ടി ഒരേ സ്വരത്തിൽ എടുത്ത തീരുമാനമാണ്. കോൺഗ്രസ് നിയമസഭ കക്ഷി സ്ഥാനവും രാഹുലിന് ഉണ്ടാകില്ല എന്നും സണ്ണി ജോസഫ് അറിയിച്ചു.
കോൺഗ്രസ് തീരുമാനത്തിൽ പ്രതികരിച്ച് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപിയും രംഗത്തുവന്നു. പാർട്ടി ശക്തമായ തീരുമാനമാണ് എടുത്തതെന്നും, ഇത് എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും ഒരുപോലെ ബാധകമാണെന്നും ഷാഫി വ്യക്തമാക്കി. പാർട്ടിയുടെ അന്തസ്സും മൂല്യങ്ങളും ഉയർത്തിപ്പിടിക്കേണ്ട ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എല്ലാ കാര്യങ്ങളും വ്യക്തമായി വിശദീകരിച്ചുകഴിഞ്ഞതിനാൽ, അതിനപ്പുറം കൂടുതൽ പറയേണ്ട ആവശ്യമില്ലെന്നും ഷാഫി കൂട്ടിച്ചേർത്തു. പാർട്ടിയുടെ ഐക്യവും ശക്തിയും ഉറപ്പാക്കാൻ എല്ലാ പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കോൺഗ്രസിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമായ പെരുമാറ്റങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കർശന നടപടികൾ തുടരുമെന്നും ഷാഫി സൂചിപ്പിച്ചു.