
അമേരിക്കയില്‍ കുട്ടികള്‍ക്കിടയില്‍ തോക്ക് ഉപയോഗം വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഏറെ ചര്‍ച്ചയായിട്ടും, തോക്കുകള്‍ കൈവശം വച്ചിരിക്കുന്ന കൗമാരക്കാരുടെ എണ്ണം വര്‍ദ്ധിച്ചതായി പുതിയ പഠനങ്ങള്‍ കണ്ടെത്തി.
2002 മുതല്‍ 2022 വരെയുള്ള 20 വര്‍ഷങ്ങള്‍ക്കിടയില്‍ ഫ്‌ളോറിഡയിലെ കൗമാരക്കാരുടെ തോക്ക് കൈവശം വയ്ക്കല്‍ 65% വര്‍ദ്ധിച്ചത് ഞെട്ടിക്കുന്ന കണക്കാണ്. 3.7% കുട്ടികളില്‍ നിന്ന് 6.0% ആയി തോക്ക് കയ്യില്‍ക്കരുതുന്ന കുട്ടികളുടെ എണ്ണം. ഇതില്‍ അധികവും പെണ്‍കുട്ടികള്‍, മിഡില്‍ സ്‌കൂള്‍ പ്രായമുള്ള കൗമാരക്കാര്‍, വെളുത്തവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികള്‍ എന്നിവരാണെന്ന് പീഡിയാട്രിക്‌സ് ജേണലില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനത്തില്‍ എടുത്തുപറയുന്നു.

ഫ്‌ളോറിഡയിലെ മിഡില്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ക്രോസ്-സെക്ഷണല്‍ സര്‍വേയായ ഫ്‌ളോറിഡ യൂത്ത് സബ്സ്റ്റന്‍സ് അബ്യൂസ് സര്‍വേയില്‍ നിന്നുള്ള വിവരങ്ങള്‍ക്കൂടി പരിഗണിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. മൊത്തം 700,000-ത്തിലധികം വിദ്യാര്‍ത്ഥികളെയാണ് ഗവേഷണത്തിന് വിധേയമാക്കിയത്. പൊതുവെ തോക്ക് കൊണ്ടുപോകുന്നത് വര്‍ദ്ധിച്ചെങ്കിലും, സ്‌കൂളില്‍ കൊണ്ടുപോകുന്നത് 60% കുറഞ്ഞുവെന്നും, ഇത് 1.1% ല്‍ നിന്ന് 0.4% ആയി എന്നും പഠനം പറയുന്നു. സ്‌കൂളിലേക്ക് തോക്ക് കൊണ്ടുപോകുന്നതിനെ അനുകൂലിക്കുന്നതില്‍ 39% കുറവുണ്ടായതായി പഠനം കണ്ടെത്തി.

‘സ്‌കൂള്‍ സുരക്ഷാ നടപടികളിലെ വര്‍ദ്ധനവ് (ഉദാഹരണത്തിന്, കെട്ടിടങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കല്‍, സന്ദര്‍ശകരെ സൈന്‍ ഇന്‍ ചെയ്യാന്‍ നിര്‍ബന്ധിക്കല്‍, സുരക്ഷാ ബാഡ്ജുകള്‍ ഉപയോഗിക്കല്‍) അല്ലെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെയോ നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെയോ സാന്നിധ്യത്തിലെ വര്‍ദ്ധനവ് ഉള്‍പ്പെടെ ഇതിനെ സ്വാധീനിച്ചിട്ടുണ്ട്. അമേരിക്കയിലെ കുട്ടികളിലും കൗമാരക്കാരിലും മരണത്തിന്റെ പ്രധാന കാരണം തോക്കുകളാണ്. 2020 മുതല്‍ 15 – 19 വയസിനിടയിലുള്ളവരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായിട്ടുണ്ട്. 2011 മുതല്‍ 2021 വരെ 18 വയസ്സിന് താഴെയുള്ള കുട്ടികളില്‍ മാരകമല്ലാത്ത തോക്കുകളുമായി ബന്ധപ്പെട്ട പരിക്കുകള്‍ 113.1% വര്‍ദ്ധിച്ചതായി മറ്റൊരു സമീപകാല പഠനവും കണ്ടെത്തിയിട്ടുണ്ട്.

കടുത്ത തോക്ക് നിയമങ്ങള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ കുട്ടികളില്‍ തോക്ക് മരണങ്ങള്‍ വര്‍ദ്ധിച്ചതായി കഴിഞ്ഞ മാസം ജാമ പീഡിയാട്രിക്‌സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നുണ്ട്. ചില സംസ്ഥാനങ്ങളില്‍ തോക്ക് നിയന്ത്രണങ്ങള്‍ ഭേദഗതി ചെയ്തതിന് ശേഷം കുട്ടികളുടെ തോക്ക് മരണങ്ങളില്‍ കുതിച്ചുചാട്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങളുള്ള സംസ്ഥാനങ്ങളില്‍ കുട്ടികളുടെ തോക്ക് മരണങ്ങള്‍ കുറവായിരുന്നു എന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.














