പ്രഥമ മാഗ് പ്രീമിയര്‍ ലീഗില്‍ ഷുഗര്‍ലാന്‍ഡ് സുല്‍ത്താന്‍സ് ടീം ജേതാക്കള്‍

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ലീഗായ മാഗ് പ്രീമിയര്‍ ലീഗില്‍ (MPL), മിഖായേല്‍ ജോയ് (മിക്കി) നയിച്ച ഷുഗര്‍ലാന്‍ഡ് സുല്‍ത്താന്‍സ് ടീം വിജയികളായി.

സ്റ്റാഫോര്‍ഡ് പാര്‍ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം. സാജന്‍ ജോണ്‍ നേതൃത്വം നല്‍കിയ റിച്ച്മണ്ട് സൂപ്പര്‍ ലയണ്‍സിനെതിരെ ഷുഗര്‍ലാന്‍ഡ് സുല്‍ത്താന്‍സ് 127 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. റിച്ച്മണ്ട് സൂപ്പര്‍ ലയണ്‍സ് 15 ഓവറില്‍ 126/8 എന്ന സ്‌കോറില്‍ ഒതുങ്ങിയപ്പോള്‍, സുല്‍ത്താന്‍സ് 14.5 ഓവറില്‍ ലക്ഷ്യം മറികടന്നു.

ഫൈനല്‍ മത്സരത്തിലെ മികച്ച കളിക്കാരനായി (മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍) ഷുഗര്‍ലാന്‍ഡ് സുല്‍ത്താന്‍സ് ടീമിന്റെ ക്യാപ്റ്റന്‍ മിഖായേല്‍ ജോയ് തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ നടന്ന ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ റിച്ച്മണ്ട് ടെക്‌സസ് സൂപ്പര്‍ ലയണ്‍സ് (89/6) ലീഗ് സിറ്റി കൊമ്പന്‍സിനെ (88/7) പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ ഷുഗര്‍ ലാന്‍ഡ് സുല്‍ത്താന്‍സ് (119/2) സിയന്ന സൂപ്പര്‍ കിങ്‌സിനെ (118/7) തോല്‍പ്പിച്ച് ഫൈനലില്‍ എത്തി.

ജൂണ്‍ 21ന് രാവിലെ 7.30ന് പെര്‍ലാന്‍ഡ് ടോംബാസ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ലീഗ് മത്സരങ്ങളുടെ ഒന്നാം പാദം ആരംഭിച്ചു. മാഗ് പ്രസിഡന്റ് ജോസ് കെ ജോണ്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിയന്ന സൂപ്പര്‍ കിങ്‌സ് ടീമിന്റെ പ്രകടനം ശ്രദ്ധേനേടി. ടീം ഉടമകളായ ബിജോയി, ലതീഷ്, സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ കുടുംബാംഗങ്ങള്‍ വര്‍ണ്ണാഭമായ ബലൂണുകളും ബാനറുകളുമായി അണിനിരന്നു. തുടര്‍ന്ന് ലീഗ് സിറ്റി കൊമ്പന്‍സ്, സിയന്ന സൂപ്പര്‍ കിങ്‌സ്, ഷുഗര്‍ ലാന്‍ഡ് സുല്‍ത്താന്‍സ്, റിച്മണ്ട് ടെക്‌സസ് സൂപ്പര്‍ ലയണ്‍സ്, പേര്‍ലന്‍ഡ് പാന്തേര്‍സ്, സ്റ്റാഫോര്‍ഡ് ലയണ്‍സ്, റിവെര്‍‌സ്റ്റോണ്‍ ജയ്ന്റ്‌സ്, മിസോറി സിറ്റി ഫാല്‍ക്കണ്‍ എന്നീ എട്ട് ടീമുകള്‍ 12 മത്സരങ്ങളിലായി ആവേശം തീര്‍ത്തു.

ജിമ്മി സ്‌കറിയ (സിയന്ന സൂപ്പര്‍ കിങ്‌സ്) 118 റണ്‍സുമായി ടൂര്‍ണമെന്റിലെ മികച്ച സ്‌കോറര്‍ ആയി. ജിതിന്‍ ടോം (മിസോറി സിറ്റി ഫാല്‍ക്കണ്‍) 114 റണ്‍സുമായി രണ്ടാം സ്ഥാനത്തെത്തി. ആകാശ് നായര്‍ (റിച്മണ്ട് സൂപ്പര്‍ ലയണ്‍സ്) 8 വിക്കറ്റുകളുമായി മികച്ച ബൗളറായി. ജോജി ജോര്‍ജ് (ഷുഗര്‍ ലാന്‍ഡ് സുല്‍ത്താന്‍സ്) 7 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. ജിതിന്‍ ടോം (മിസോറി സിറ്റി ഫാല്‍ക്കണ്‍) 10 സിക്‌സറുകളോടെ 86 റണ്‍സ് നേടിയ മികച്ച വ്യക്തിഗത സ്‌കോററായി.

ബിനു ബെന്നിക്കുട്ടി (റിച്മണ്ട് സൂപ്പര്‍ ലയണ്‍സ്) 267 പോയിന്റുകള്‍ നേടി മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടിയപ്പോള്‍, ജോജി ജോര്‍ജ് (ഷുഗര്‍ ലാന്‍ഡ് സുല്‍ത്താന്‍സ്) 253 പോയിന്റുകളുമായി തൊട്ടുപിന്നാലെ എത്തി. സിയന്ന സൂപ്പര്‍ കിങ്‌സ് ഫെയര്‍പ്ലേ അവാര്‍ഡ് സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ ആകെ 2552 റണ്‍സുകള്‍ നേടുകയും 134 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. 88 സിക്‌സറുകളും 103 ഫോറുകളും പിറന്നു. ജോജി ജോര്‍ജ് (4/13) മികച്ച വ്യക്തിഗത ബൗളിങ് പ്രകടനം കാഴ്ചവെച്ചു.

ഹൂസ്റ്റണ്‍ പൊലീസ് ക്യാപ്റ്റന്‍ മനോജ് പൂപ്പാറയില്‍ മുഖ്യാതിഥിയായിരുന്നു. സമ്മാനദാനം നിര്‍വഹിച്ച അദ്ദേഹം, ടൂര്‍ണമെന്റ് യുവാക്കളുടെ ഒരു വലിയ ഒത്തുചേരലായി മാറ്റിയതിന് സംഘാടകരെ അഭിനന്ദിച്ചു. മാഗ് പ്രസിഡന്റ് ജോസ് കെ ജോണും സെക്രട്ടറി രാജേഷ് വര്‍ഗീസും കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജോണ്‍ ഉമ്മന്റെ ഉടമസ്ഥതയിലുള്ള ഷുഗര്‍ലാന്‍ഡ് സുല്‍ത്താന്‍സ് 2000 ഡോളറും ട്രോഫിയും അടങ്ങിയ ഒന്നാം സമ്മാനം നേടി. ക്രിസ്റ്റഫര്‍ ജോര്‍ജ്, റെജി കുര്യന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള റിച്മണ്ട് ടെക്‌സസ് സൂപ്പര്‍ ലയണ്‍സ് 1500 ഡോളറും ട്രോഫിയും രണ്ടാം സ്ഥാനത്തിനായി കരസ്ഥമാക്കി. ഫാ. ദീപുവും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ടൂര്‍ണമെന്റിന്റെ തുടക്കം തന്നെ ഗംഭീരമായതില്‍ അഭിമാനമുണ്ടെന്ന് മാഗ് സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ മിഖായേല്‍ ജോയ് പറഞ്ഞു. പരിപാടി വിജയകരമാക്കാന്‍ പരിശ്രമിച്ച മിഖായേല്‍ ജോയ് (മിക്കി) യെയും, മികച്ച പിന്തുണ നല്‍കിയ ജോസഫ് കൂനതാന്‍ (തങ്കച്ചന്‍) (ഐടി), വിഘനേഷ് ശിവന്‍ (യൂത്ത് കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെയും സെക്രട്ടറി രാജേഷ് വര്‍ഗീസ് അഭിനന്ദിച്ചു. ടീം ഉടമകളുടെ സഹകരണത്തിനും പ്രതിബദ്ധതയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.

ട്രഷറര്‍ സുജിത്ത് ചാക്കോ സ്വാഗതം ആശംസിച്ചു. സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ മിഖായേല്‍ ജോയ് നന്ദി രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ സിക്‌സ് അടിച്ച കളിക്കാരനായ ജോജി ജോസഫിന് കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. ബോര്‍ഡ് അംഗങ്ങളായ മാത്യൂസ് ചാണ്ട പിള്ള, ക്രിസ്റ്റഫര്‍ ജോര്‍ജ്, സുനില്‍ തങ്കപ്പന്‍, ജോണ്‍ ഡബ്ലിയു വര്‍ഗീസ്, രേഷ്മ വിനോദ്, അലക്‌സ് മാത്യു, ബിജോയ് തോമസ്, പ്രഭിത്മോന്‍ വെള്ളിയാന്‍, റിനു വര്‍ഗീസ് എന്നിവരടങ്ങിയ കമ്മിറ്റി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. രണ്ടു ദിവസവും നല്ല ജനക്കൂട്ടം കളി കാണാന്‍ എത്തിയിരുന്നു. ടൂര്‍ണമെന്റിനെ പിന്തുണച്ച എല്ലാ ഹൂസ്റ്റണ്‍ നിവാസികള്‍ക്കും മാഗിന്റെ ബോര്‍ഡ് നന്ദി അറിയിച്ചു.

ബോര്‍ഡ് അംഗങ്ങളായ മാത്യൂസ് ചാണ്ട പിള്ള, ക്രിസ്റ്റഫര്‍ ജോര്‍ജ്, സുനില്‍ തങ്കപ്പന്‍, ജോണ്‍ ഡബ്ലിയു വര്‍ഗീസ്, രേഷ്മ വിനോദ്, അലക്‌സ് മാത്യു, ബിജോയ് തോമസ്, പ്രഭിത്മോന്‍ വെള്ളിയാന്‍, റിനു വര്‍ഗീസ് തുടങ്ങിയവര്‍ അടങ്ങിയ കമ്മിറ്റി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു.

More Stories from this section

family-dental
witywide