
വാഷിംഗ്ടൺ: ലൈംഗികക്കുറ്റവാളിക്ക് ജെഫ്രി എപ്സ്റ്റൈനുമായുള്ള തന്‍റെ ബന്ധത്തിൽ ആഴത്തിൽ ലജ്ജിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനും മുൻ യുഎസ് ധനമന്ത്രിയുമായ ലാറി സമ്മേഴ്സ്. വിശ്വാസം വീണ്ടെടുക്കാനും ബന്ധങ്ങൾ പുനഃസ്ഥാപിക്കാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായി എല്ലാ പൊതുപരിപാടികളിൽ നിന്നും താൽക്കാലികമായി വിട്ടുനിൽക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ സമ്മേഴ്സ് തന് വിദ്യാർഥികളോടുള്ള ഉത്തരവാദിത്തം തുടരുമെന്നും വ്യക്തമാക്കി.
എപ്സ്റ്റൈൻ ബന്ധം പുറത്തുവന്നതിന് പിന്നാലെ ഹാർവാർഡ് അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യമുയർന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. “എന്‍റെ പ്രവൃത്തികളിൽ ഞാൻ ആഴത്തിൽ ലജ്ജിക്കുന്നു. അത് പലർക്കും വേദനയുണ്ടാക്കിയെന്ന് തിരിച്ചറിയുന്നു. മിസ്റ്റർ എപ്സ്റ്റൈനുമായി ആശയവിനിമയം തുടർന്ന തെറ്റായ തീരുമാനത്തിന്‍റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു,” സമ്മേഴ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
“വിദ്യാഭ്യാസ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചുകൊണ്ടുതന്നെ, വിശ്വാസം പുനഃസ്ഥാപിക്കാനും എനിക്ക് ഏറ്റവുമായി അടുത്ത ബന്ധമുള്ളവരുമായി ബന്ധം പുതുക്കാനുമുള്ള വിശാലമായ ശ്രമത്തിന്‍റെ ഭാഗമായി പൊതുരംഗത്ത് നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയാണ് ഞാൻ,” അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ച യുഎസ് ഹൗസ് കമ്മിറ്റി പുറത്തുവിട്ട ഇമെയിലുകളാണ് സമ്മേഴ്സ്-എപ്സ്റ്റൈൻ ബന്ധത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയത്. വർഷങ്ങളോളം നീണ്ട വ്യക്തിപരമായ കത്തിടപാടുകളിൽ സമ്മേഴ്സ് ലൈംഗികവിവേചനപരമായ പരാമർശങ്ങൾ നടത്തിയതും എപ്സ്റ്റൈനോട് പ്രണയോപദേശം തേടിയതും ഇതിൽ ഉൾപ്പെടുന്നു.















