ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അടിയന്തരമായി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ച് സുപ്രീംകോടതി അഡിനിസ്ട്രേഷൻ. ഡൽഹിയിലെ കൃഷ്‌ണ മേനോൻ മാർഗിൽ സ്ഥിതി ചെയ്യുന്ന സിറ്റിങ് ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയായി നിശ്ചയിച്ചിട്ടുള്ള ബംഗ്ലാവ് നമ്പർ 5 ഉടനടി ഒഴിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതിയിലെ നിലവിലുള്ള ജഡ്ജിമാർക്ക് മതിയായ താമസസ്ഥലം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്രചൂഡിന്റെ ബംഗ്ലാവ് ഒഴിപ്പിച്ച് കോടതിയുടെ ഭവന സമുച്ചയത്തിലേക്ക് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് കത്തെഴുതിയിരിക്കുന്നത്.
ഒരു കാലതാമസവും കൂടാതെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കൈവശംവെച്ചിട്ടുള്ള കൃഷ്‌ണമേനോൻ മാർഗിലെ ബംഗ്ലാവ് നമ്പർ 5 ഏറ്റെടുക്കണം. കെട്ടിടം കൈവശം വെക്കുന്നതിന് അനുവദിച്ച അനുമതി 2025 മെയ് 31-ന് കാലഹരണപ്പെട്ടു. കൂടാതെ 2022-ലെ ചട്ടങ്ങളനുസരിച്ചുള്ള ആറു മാസത്തെ കാലാവധിയും 2025 മെയ് 10-ന് കാലഹരണപ്പെട്ടുവെന്നും സുപ്രീം കോടതി ഉദ്യോഗസ്ഥൻ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറിക്കെഴുതിയ കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം വ്യക്തിപരമായി ഒഴിച്ചുകൂടാനാവാത്ത ചില സാഹചര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഔദ്യോഗിക ബംഗ്ലാവ് ഒഴിയുന്ന കാര്യത്തിൽ കാലതാമസമുണ്ടാവാൻ കാരണമെന്ന് ചന്ദ്രചൂഡ് പ്രതികരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതിനെക്കുറിച്ച് സുപ്രീം കോടതി ഭരണവിഭാഗത്തിന് പൂർണമായി അറിയാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ബദൽ സംവിധാനം സർക്കാർ അനുവദിച്ചിട്ടുണ്ട്. എന്നാൽ, വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന ആ സ്ഥലം താമസയോഗ്യമാക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.
2022 നവംബർ മുതൽ 2024 നവംബർ വരെ ചീഫ് ജസ്റ്റിസായിരുന്ന ഡിവൈ ചന്ദ്രചൂഡ്, പദവി ഒഴിഞ്ഞതിന് ശേഷം ഏകദേശം എട്ട് മാസത്തോളമായി ഇപ്പോഴും ഈ ബംഗ്ലാവ് കൈവശം വെച്ചിരിക്കുകയാണ്. ചന്ദ്രചൂഡിന് ശേഷം വന്ന ചീഫ് ജസ്റ്റിസുമാരായ ജസ്റ്റിസ് സഞ്ജീവ് ഖന്നയും ഇപ്പോഴത്തെ ചീഫ് ജസ്സിസ് ബി.ആർ. ഗവായിയും തങ്ങൾക്ക് മുമ്പ് അനുവദിച്ചിട്ടുള്ള ബംഗ്ലാവിൽ തന്നെ തുടരാനാണ് തീരുമാനം.
2024-ൽ വിരമിച്ചശേഷം പിന്നീട് ചീഫ് ജസ്റ്റിസായി എത്തിയ ജസ്റ്റിസ് ഖന്നയോട് 2025 ഏപ്രിൽ 30 വരെ കൃഷ്‌ണമേനോൻ മാർഗിൽ താമസം തുടരാൻ ഡി.വൈ.ചന്ദ്രചൂഡ് അനുമതി തേടിയിരുന്നു. പുതിയ താമസസ്ഥലത്തെ നവീകരണ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടതിനാലാണ് ഇവിടെ തന്നെ തുടരാൻ ചന്ദ്രചൂഡ് അനുമതി തേടിയത്. ചീഫ് ജസ്റ്റിസായിരുന്ന ഖന്നയുടെ അനുമതിയെ തുടർന്ന് കേന്ദ്ര ഭവന മന്ത്രാലയം ഇതിന് അംഗീകാരവും നൽകി. പിന്നീട് മേയ് 31 വരെ തുടരാൻ ഡി.വൈ.ചന്ദ്രചൂഡ് വാക്കാൽ അഭ്യർഥിച്ചെന്നും സുപ്രീംകോടതി അഡ്മിനിസ്ട്രേഷൻ്റെ കത്തിൽ പറയുന്നു. അത് വ്യവസ്ഥയോടെ അനുവദിച്ചുവെന്നും പറയുന്നു.
അതേസമയം, ഇടക്കാലത്ത് സ്ഥാനക്കയറ്റം ലഭിച്ച മറ്റ് ജഡ്‌ജിമാർ ഗസ്റ്റ് ഹൗസുകളിൽ താമസിക്കുകയോ ബംഗ്ലാവ് അനുവദിക്കുന്നതിനായി കാത്തിരിക്കുകയോ ചെയ്യുന്നതിനാൽ ഇനി കൂടുതൽ കാലാവധി നീട്ടിനൽകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ബംഗ്ലാവ് ഒഴിപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.












